കൈരളി കൂട്ടായ്മയുടെ നേതൃത്വത്തിൽ മസ്‌കറ്റിലെ വാദികബീറിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഒമാൻ : കൈരളി കൂട്ടായ്മ ഹലാ മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് വാദി-കബീറിലെ നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ വെച്ച് നടന്ന ക്യാമ്പിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ നിരവധി ആളുകളാണ് പങ്കെടുത്തത്. പങ്കെടുത്തവരിൽ തുടർചികിത്സ ആവശ്യമുള്ളവർക്ക് ഹലാ മെഡിക്കൽ സെന്ററിൽ കുറഞ്ഞ നിരക്കിൽ തുടർ പരിശോധനകളും ചികിത്സയും ലഭ്യമാകും. രാവിലെ 8 മണിക്ക് തുടങ്ങിയ ക്യാമ്പിൽ ഡോക്ടർ ശരത് ശശിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി. മികച്ച പ്രതികരണമാണ് മസ്‌കറ്റിലെ പൊതു സമൂഹത്തിൽ നിന്നും മെഡിക്കൽ ക്യാമ്പിന് ലഭിച്ചത്. നൂറുകണക്കിനാളുകൾ ക്യാമ്പിന്റെ സൗജന്യ മെഡിക്കൽ സേവനം പ്രയോജനപ്പെടുത്തി. ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ച മെഡിക്കൽ ക്യാമ്പിന്റെ സമാപന യോഗത്തിൽ ലോക കേരള സഭ അംഗം വിൽ‌സൺ ജോർജ് പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ഫിനാൻസ് ഡയറക്ടറുമായ നിധീഷ് കുമാർ മുഖ്യാഥിതി ആയിരുന്നു. മസ്‌കറ്റിലെ സാമൂഹ്യ പ്രവർത്തകരായ അനു ചന്ദ്രൻ, നിഷാന്ത്, മൊയ്‌ദു, അഭിലാഷ് എന്നിവരും സന്നിഹിതരായിരുന്നു. ഇത്തരം വിവിധങ്ങളായ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുമായി ഇനിയും കൈരളി കൂട്ടായ്മ മുൻപോട്ട് വരുമെന്ന് ഭാരവാഹികളായ അരുൺ വി എം , മിഥുൻ, മനീഷ, ബിബിൻ ദാസ് എന്നിവർ അറിയിച്ചു.