ബഹ്റൈൻ : ട്രേഡിങ്ങ് കമ്പനി നടത്തി ചെക്കുകൾ നൽകിയാണ് മലയാളിയായ തിരുവനതപുരം തട്ടത്തുമല സ്വദേശി തട്ടിപ്പു നടത്തിയത് . ദിവസം തോറും നിരവധി പേരാണ് പരാതികളുമായി രംഗത്ത് എത്തുന്നത് . ഇയാൾ മുങ്ങിയത് കോടികളുമായാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.ജനറൽ ട്രേഡിങ് ആൻഡ് കൺസ്ട്രക്ഷൻ എന്ന അനുമതിയോടെ ആണ് സ്ഥാപനം നടത്തിയിരുന്നത് . ഒരു വലിയ തുക ബിസിനസ്സിൽ ഇൻവെസ്റ്റ് ചെയ്തു , നിരവധി സ്റ്റാഫുകൾ അടക്കം വലിയ രീതിയിലുള്ള ഓഫീസ് സംവിധാനങ്ങൾ ഒരുക്കിയിരുന്നു . വിദ്യാസമ്പന്നരായ സ്ത്രീകളടക്കമുള്ള ഓഫിസ് ജീവനക്കാരാണ് സ്ഥാപനങ്ങളുമായി സംസാരിച്ച് ബിസിനസ് ഡീലുകൾ നടത്തിയിരുന്നത് .എന്നാൽ ഇവർ ഒരു ദിവസം കൊണ്ട് അപ്രത്യക്ഷമായതും ദുരൂഹത വർധിപ്പിക്കുന്നു . അഞ്ചു ലക്ഷം ദീനാറോളം വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ആദ്യം ലഭിച്ച വിവരം . എന്നാൽ, കൂടുതൽ പരാതികൾ വന്നതോടെ ഇതിലും വലിയ തുക തട്ടിയാണ് ഇയാളും സംഘവും മുങ്ങിയതെന്ന് ബോധ്യമായി . ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ, കൺസ്ട്രക്ഷൻ മെറ്റീരിയൽസ് കമ്പനികൾ,ഫുഡ്, ഗ്രോസറി, ചിക്കൻ തുടങ്ങിയവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, ടെലിഫോൺ കമ്പനികൾ തുടങ്ങി വിവിധ മേഖലയിൽ ഉള്ള കമ്പനികൾ തട്ടിപ്പിന് ഇരയായിട്ടുണ്ട് . ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കായുള്ള വൈറ്റ് പേപ്പറുകൾ മുതൽ ഹെവി മിഷനറീസ് വരെ ഇവർ വാങ്ങിക്കൂട്ടിയവയിൽപ്പെടും. വിശ്വാസം നേടാനായി ഇടപാടുകളിൽ ആദ്യം ഒന്നു രണ്ടുതവണ പണം കൃത്യമായി നൽകുകയും ചെക്കുകൾ കൃത്യമായി പാസാവുകയും ചെയ്തിരുന്നു എന്നാൽ വീണ്ടും നടക്കുന്ന ഇടപാടുകളിൽ സാധനങ്ങൾ ക്രെഡിറ്റിൽ നൽകാൻ വ്യാപാരസ്ഥാപനങ്ങൾ തയാറാവുകയായിരുന്നു. ഇയാളുടെ തട്ടിപ്പ് അറിഞ്ഞ് വ്യാപാര സ്ഥാപനങ്ങൾ വെയർഹൗസിലെത്തിയെങ്കിലും വെയർ ഹൌസ് കാലി ആക്കിയിരുന്നു . അഞ്ചു വര്ഷങ്ങള്ക്കു മുൻപും സമാനമായ തട്ടിപ്പ് ബഹ്റൈനിൽ നടന്നിരുന്നു.