ഒമാൻ:പ്രമുഖ മാപ്പിളപ്പാട്ട് ഗായകനും, കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാനുമായിരുന്ന അന്തരിച്ച മൂസ എരഞ്ഞോളിയുടെ പേരിൽ തലശ്ശേരിയിൽ സ്മാരകം നിർമ്മിക്കും.പ്രവാസി സമൂഹത്തിന്റെ കൂടി സഹകരണത്തോടെയാണ് സ്മാരകം ഒരുക്കുകയെന്ന് എരഞ്ഞോളി മൂസ ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഉത്തരകേരളത്തിൽ ഉചിത സ്മാരകം നിർമിക്കാനുള്ള പ്രവർത്തനത്തിലാണ് എരഞ്ഞോളി മൂസ ഫൗണ്ടേഷൻ ഭാരവാഹികൾ. മാപ്പിളപ്പാട്ട്, മാപ്പിളകലാ പഠനകേന്ദ്രം, കലാ സാഹിത്യ സംഗീത പഠനത്തിനും, ഗവേഷണത്തിനുമായുള്ള റിസർച്ച് ലൈബ്രറി, മാപ്പിളകലാ സാഹിത്യ, സാംസ്കാരിക ചരിത്ര മ്യൂസിയം, അത്യാധുനിക റിക്കോർഡിങ് സ്റ്റുഡിയോ എന്നിവ ഉൾക്കൊള്ളുന്ന മാപ്പിള കലാ സാഹിത്യ അക്കാദമി മൂസ എരിഞ്ഞോളിയുടെ പേരിൽ യാഥാർഥ്യമാക്കാനാണ് ശ്രമം. പ്രതിഭകൾക്കുള്ള ആദരവ്, പുരസ്കാരങ്ങൾ, ഫെലോഷിപ്പ് എന്നിവ ഏർപ്പെടുത്തി വിവിധ കലാ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഫൗണ്ടേഷൻ പ്രോത്സാഹിപ്പിക്കും. പ്രവാസികളുടെയും കലാ ആസ്വാദകരുടെയും, കേരള സർക്കാറിന്റെയും സഹകരണങ്ങൾ കൊണ്ടായിരിക്കും സ്മാരകത്തിനുള്ള സ്ഥലമെടുപ്പും അനുബന്ധ പരിപാടികളും. എരഞ്ഞോളി മൂസ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ എളേറ്റിൽ, ജനറൽ സെക്രട്ടറി നവാസ് കച്ചേരി, വൈസ് ചെയർമാൻ പി എം ജാബിർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.