ജെയ്ൽ പട്രീഷ്യ പറയുന്നു: “ബഹ്‌റൈനിലെ കാൻസർ സൊസൈറ്റിക്ക് വേണ്ടി മുടി ദാനം ചെയ്യുന്നതിൽ സന്തോഷവും അഭിമാനവും തോന്നുന്നു. ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന ക്യാൻസർ രോഗികളുടെ വേദനയും ബുദ്ധിമുട്ടുകളും എന്റെ മാതാപിതാക്കൾ എന്നോട് പറഞ്ഞിരുന്നു. അതിനാൽ മുടി ദാനം ചെയ്യാൻ ഞാൻ തീരുമാനിച്ചു. സമൂഹവുമായി കൈകോർത്ത് കാൻസർ രോഗികളെ പിന്തുണയ്ക്കാനും, ലോകത്തെ അഭിമുഖീകരിക്കാൻ അവർക്കു ആത്മവിശ്വാസം നൽകാനും ഈ പ്രവൃത്തിയിലൂടെ കഴിയും. അവർക്കു ഇത്തിരി സന്തോഷമേകാൻ ഈ അവസരം നൽകിയതിനു ഞാൻ ദൈവത്തിന് നന്ദി പറയുന്നു.
അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികളായ രാജാ സിംഗ് ജപകുമാറിന്റെയും ഇൻബവതാനി ജയ കൗസല്യയുടെയും മകളാണ് ജെയ്ൽ പട്രീഷ്യ. തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശികളാണ് കുടുംബം. സഹോദരൻ ആർ.ഫിനിയാസ് ഇന്ത്യൻ സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. മകൾ തന്റെ മുടി നീട്ടി വളർത്തിയിരുന്നതായും 2019 നു ശേഷം ഒരിക്കലും മുടി മുറിച്ചിരുന്നില്ലെന്നും അമ്മ പറഞ്ഞു.
മാതാപിതാക്കൾ പറഞ്ഞു: “ചെറുപ്പത്തിൽ തന്നെ ഈ കാരുണ്യ പ്രവൃത്തിയുടെ പ്രാധാന്യം മകൾ മനസ്സിലാക്കിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. അത്തരം ഉദാത്തമായ കാരുണ്യ പ്രവർത്തനങ്ങൾ പതിവായി ചെയ്യുന്ന ഞങ്ങളുടെ ചില ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് ഞങ്ങൾക്ക് പ്രചോദനവും ലഭിച്ചു. അത്തരം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ച മാനേജ്മെന്റിനെ അഭിനന്ദിക്കുന്നു.”
ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ വിദ്യാർത്ഥിനിയുടെ ഉദാത്തമായ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചു.