ഒരാഴ്ച നീണ്ട തിരച്ചിൽ അവസാനിച്ചു .. 14 മൃതദേഹങ്ങൾ കണ്ടെത്തി..
ഒമാനിലെ ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14ആയി. തിരച്ചിൽ അവസാനിപ്പിച്ചതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു. അത്യാധുനിക യന്ത്ര സംവിധാനങ്ങളുടെ സഹായത്തിലായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്. രക്ഷാപ്രവർത്തനത്തിന്‍റെ ആദ്യഘട്ടത്തിൽ പാറ ഇടിഞ്ഞ് വീഴുന്നതിനാൽ തിരച്ചിലിന് നേരിയ തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടന്നു. കഴിഞ്ഞ ശനിയാഴ്ച അർധരാത്രി 12ഓടെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. അപകടത്തിൽ ആറുപേരായിരുന്നു അന്ന് മരിച്ചിരുന്നത്. തുടർ ദിവസങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഏട്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിൽ രണ്ടു വീതവും വ്യാഴം, ശനി ദിവസങ്ങളിൽ ഓരോ വീതം മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. . മൂന്ന് മീറ്റർ ഘനവും 200 മീറ്റർ ഉയരവുമുള്ള മാർബിൾ പാളിയാണ് ആദ്യം ഇടിഞ്ഞുവീണത്. അപകടസമയത്ത് ഇന്ത്യക്കാരും പാകിസ്താനികളുമായിരുന്ന തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.