അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി എം.എ. യൂസഫലിയെ നിയമിച്ചു.

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു.  അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്  ചേംബർ  ഡയറക്ടർ ബോർഡിൻ്റെ  പുന:സംഘടന നടത്തി ഉത്തരവ് നൽകിയത് . ഡയറക്ടർ ബോർഡിലുള്ള ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.  ചേംബർ ഡയറക്ടർ ബോർഡ്  ചെയർമാനായി അബ്ദുള്ള മുഹമ്മദ് അൽ മസ്റോയിയും ,യൂസഫലിയോടൊപ്പം  അലി ബിൻ ഹർമാൽ അൽ ദാഹിരി  വൈസ് ചെയർമാനായും, മസൂദ് റഹ്‌മ അൽ മസൂദ്, ട്രഷറർ, സയ്യിദ് ഗുംറാൻ അൽ റിമൈത്തി ഡെപ്യൂട്ടി ട്രഷറർ ഉൾപ്പെടെ  അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ള  29  പ്രമുഖരെയാണ് പുതിയ ഡയറക്ടർ ബോർഡിൽ നിയമിച്ചത്.