അബുദാബി: അബുദാബിയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ട മൂന്ന് ഫുട്‌ബോള്‍ താരങ്ങളെ ശിക്ഷിച്ച് അബുദാബി ക്രിമിനല്‍ കോടതി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 ഞായറാഴ്ച അബുദാബിയില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായ സമാലെക്കിന്‍റെ മൂന്ന് കളിക്കാരെയാണ് കോടതി ശിക്ഷിച്ചത്. മൂന്നു പേര്‍ക്കും ഒരു മാസം തടവും രണ്ടു ലക്ഷം ദിര്‍ഹം വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.
ഈജിപ്ഷ്യന്‍ സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ പിരമിഡ്സ് ക്ലബിനെതിരായ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയ ആരാധകരെ വഴക്കിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് മൂന്ന് ഈജിപ്ത്യന്‍ താരങ്ങളും കുറ്റക്കാരാണെന്ന് അബുദാബി കോടതി കണ്ടെത്തിയത്. അല്‍ അഹ്ലി ക്ലബ്ബ് പോലെ ഈജിപ്തിലെ ഏറ്റവും ജനപ്രിയമായ മറ്റൊരു ക്ലബ്ബാണ് സമാലെക് ക്ലബ്ബ്. അല്‍ ഐനില്‍ വച്ച് നടന്ന വാശിയേറിയ മല്‍സരത്തിനൊടുവിലായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഒക്ടോബര്‍ 21 തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി നബീല്‍ ഇമാദ് ഡോംഗ, മുസ്തഫ ഷലാബി, ഫുട്ബോള്‍ ഡയറക്ടര്‍ അബ്ദുല്‍ വാഹദ് എല്‍ സെയ്ദ് എന്നീ മൂന്നുപേരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായി അധികൃതർ അറിയിച്ചു . തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് കോടതി ഈ മൂന്നുപേരെയും ശിക്ഷിച്ചത്.