അബുദാബി: അബുദാബി എമിറേറ്റിനുള്ളില്‍ ഒലിയാന്‍ഡര്‍ ചെടി അഥവാ അരളിച്ചെടിയുടെ കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. ചെടിയില്‍ മാരകമായ വിഷം അടങ്ങിയിട്ടുണ്ട് ഈ വിഷ സസ്യത്തിന്റെ ഏതെങ്കിലും ഭാഗം ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ചിലപ്പോള്‍ മരണത്തിന് വരെ കാരണമായേക്കാമെന്നാണ് കണ്ടെത്തല്‍.ഈ അപകടങ്ങളില്‍ നിന്ന് പ്രദേശവാസികളെ, പ്രത്യേകിച്ച് കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.ഈയിടെയാണ് അബുദാബി ആരോഗ്യ വകുപ്പ് യുഎഇയിലെ വിഷ സസ്യങ്ങളുടെ പട്ടികയില്‍ അരളിയെ ഉള്‍പ്പെടുത്തിയത്.
നിലവില്‍ പൊതു ഇടങ്ങളില്‍ വച്ചുപിടിപ്പിച്ചിട്ടുള്ള ചെടികള്‍ ഉടന്‍ തന്നെ സുരക്ഷിതമായി നീക്കം ചെയ്യുമെന്ന് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയിലെ റെഗുലേറ്ററി ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മൗസ സുഹൈല്‍ അല്‍ മുഹൈരി പറഞ്ഞു. ഒലിയാന്‍ഡറിന്റെ അപകടങ്ങളെക്കുറിച്ച് വിപുലമായ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുറപ്പെടുവിച്ച 2024-ലെ പ്രമേയം നമ്പര്‍ 4 പ്രകാരം, എല്ലാ സ്ഥാപനങ്ങളും വ്യക്തികളും നിരോധനം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ നിശ്ചിത മാസങ്ങള്‍ക്കുള്ളില്‍ ചെടികള്‍ സുരക്ഷിതമായി നീക്കംചെയ്യണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.പ്രമേയത്തിന്റെ ആര്‍ട്ടിക്കിള്‍ 4, ബന്ധപ്പെട്ട അധികാരികള്‍ പതിവായി പരിശോധനകള്‍ നടത്തണമെന്നും നഗരപ്രദേശങ്ങളില്‍ നിന്ന് ഒലിയാന്‍ഡര്‍ നീക്കം ചെയ്യണമെന്നും അതിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെടുന്നു. ചെടികള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനും അതോറിറ്റി ആവശ്യപ്പെട്ടു. ചെടിയുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ അതിന്റെ എന്തെങ്കിലും അംശം അകത്തേക്ക് പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം, 800424 എന്ന നമ്പറില്‍ പോയിസണ്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ ഹോട്ട്ലൈനിലേക്ക് വിളിക്കണം.