സൈബർ കുറ്റവാളികൾക്കെതിരെ മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യൽ വകുപ്പ്

അബുദബി: സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യൽ‍ വകുപ്പ്. പണം തട്ടാനായി സൈബർ കുറ്റവാളികൾ നടത്തുന്ന ആറ് പ്രധാന നീക്കങ്ങളെ കുറിച്ചാണ് അബുദബി ജുഡീഷ്യൽ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുമ്പ് എടുത്ത ഫോട്ടോകളോ ചാറ്റുകളോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് പ്രധാനപ്പെട്ട രീതിയെന്ന് മുന്നറിയിപ്പിൽ പറയുന്നു. രണ്ടര ലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.

  • മുമ്പ് എടുത്ത ഫോട്ടോയോ ചാറ്റുകളോ പുറത്തുവിടുമെന്ന് ഇരയെ ഭീഷണിപ്പെടുത്തുക
  • പേഴ്സണൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും വ്യക്തി​ഗത വിവരങ്ങൾ ശേഖരിച്ച ശേഷം ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുക.
  • ഫോൺ മോഷ്ടിച്ചെടുത്തോ ഉടമ വിൽക്കുമ്പോഴോ വാങ്ങി അതിലെ വിവരങ്ങൾ വീണ്ടെടുക്കുകയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യൽ.
  • ഇരയെ പ്രതികൂലമായി ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിടുമെന്നുള്ള ഭീഷണിപ്പെടുത്തി സാമ്പത്തിക ചൂഷണം
  • പദവിയെ ദോഷമായി ബാധിക്കുന്നതും മത്സരരം​ഗത്തുള്ള എതിരാളികളെ സഹായിക്കുന്നതുമായ സാമ്പത്തിക, വാണിജ്യ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയുള്ള പണം തട്ടിയെടുക്കൽ.
  • മുൻ കാല ബന്ധങ്ങൾ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ
    ഇരകളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന പ്രശ്നങ്ങൾ പുറത്തുവിടുമെന്നുള്ള ഭീഷണികളിലൂടെ പണം തട്ടുന്നതിനെതിരെ ബോധവത്കരണം നടത്തുന്നതിനായി വകുപ്പ് നടത്തിയ സർവേയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.