അബുദാബി പോലീസ്:ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ വർദ്ധിപ്പിച്ചു

അബുദാബി: ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്കെതിരായ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായാണ് പിഴ തുക വർദ്ധിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.പുതിയ നിയമ പ്രകാരം റോഡിൽ റേസിങ് നടത്തിയാൽ അമ്പത്തിനായിരം ദിർഹം വരെ (10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക, പോലീസ്  വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുക, ട്രാഫിക് സിഗ്നൽ ലംഘിക്കുക, തുടങ്ങിയ കുറ്റങ്ങൾക്കും പിഴയായി അൻപതിനായിരം ദിർഹം വരെ ഈടാക്കാം. കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ വാഹനം ഓടിക്കുക, അമിത വേഗം, മുന്നറിയിപ്പില്ലാതെ വാഹനത്തിന്‍റെ ഗതി മാറ്റൽ, ദൂരപരിധി പാലിക്കാതെ വാഹനമോടിക്കുക, അഞ്ചുവയസിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുക, തുടങ്ങിയ നിയമ ലംഘനങ്ങൾക്കും 5000 ദിർഹം വരെ പിഴ നൽകേണ്ടിവരും. പെർമിറ്റില്ലാതെ എന്‍ജിനിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയാൽ പിഴ പതിനായിരം ദിർഹമാണ്.നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനൊപ്പം വാഹനങ്ങൾ പിടിച്ചെടുക്കാനും പോലീസിന് അധികാരമുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ മൂന്നുമാസം കഴിഞ്ഞാൽ ലേലത്തിൽ വിൽക്കുമെന്നും അധികൃതർ വ്യക്തമാക്കി .