കുവൈറ്റ് സിറ്റി: കുവൈത്തിൽ ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു.അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കെ.ഒ.സി.ആശുപത്രിയിൽ കെ.ആർ.എച്ച് കമ്പനിയുടെ കീഴിൽ നഴ്സായി ജോലി ചെയ്യുന്ന മേഴ്സി മറിയക്കുട്ടിയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ സിക്സ്ത് റിംഗ് റോഡിനും അഹമ്മദി റോഡിനും ഇടയിലാണു അപകടം നടന്നത്. നഴ്സ്മാരുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണു അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ച മേഴ്സി വാഹനത്തിന്റെ പിൻഭാഗത്തുള്ള ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.
പരിക്കേറ്റ മറ്റു നഴ്സുമാരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം.മരിച്ച മേഴ്സി അബ്ബാസിയയിലാണു താമസിച്ചിരുന്നത്. ഭർത്താവ് ബിജു കുവൈത്തിലുണ്ട്. ഒരു മകൾ നാട്ടിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.