മസ്കത്ത്: മസ്‌കറ്റിലെ റൂവിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ യുവാക്കൾ മരിച്ചു. തമിഴ്നാട് സ്വദേശി പ്രിൻസ് എഡ്വേർഡ്, ഡാർവിൻ സെൽവരാജ് എന്നിവരാണ് മരിച്ചത്. ഗോവ സ്വദേശി പെഴ്സി ഗുരുതര പരിക്കുകളോടെ മസ്‌കറ്റിലെ ഖൗള ആശുപത്രിയിൽ ഐ.സി.യു.വിൽ ചികിൽസയിലാണ്. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. മൂവരും സഞ്ചരിച്ചിരുന്ന കാർ റൂവി ദാർസൈത്ത് ലുലുവിന് സമീപം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പ്രിൻസ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന പെഴ്സി വാഹനത്തിൽ നിന്ന് തെറിച്ചുവീണു.മസ്കത്ത് ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് ഇവർ മൂന്നുപേരും, നാട്ടറിലെ അവധികാലം ആഘോഷിക്കാൻ മസ്കറ്റിൽ എത്തിയതായിരുന്നു.മസ്കത്ത് ഇന്ത്യൻ സ്കൂളിലെ തന്നെ ജീവനക്കാരനായ തങ്കരാജിന്റെയും ട്രീസയുടെയും ഏക മകനാണ് പ്രിൻസ്. മറ്റൊരു ജീവനക്കാരനായ പാസ്കലിന്റെയും ക്രിസ്റ്റിയുടെയും മകനാണ് പരിക്കേറ്റ പെഴ്സി. ഇരുവരുടെയും സുഹൃത്താണ് ഡാർവിൻ.