മസ്ക്കറ്റ്: ഒമാനിലെ സൊഹാർ സനാഇയ്യയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി രാംദാസ് (34) മരിച്ചു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് സഹോദരന്റെ കുടുംബത്തിനടുത്തേക്ക് പോകുമ്പോഴാണ് അപകടത്തിൽ പ്പെട്ടത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന രാംദാസിനെ മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. സുഡാൻ സ്വദേശിയാണ് പിക്കപ്പ് ഓടിച്ചിരുന്നത്. പിക്കപ്പുമായി കൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന തൃശൂർ സ്വദേശി ഹരി പരിക്കേറ്റ് ചികിത്സയിലാണ്. മൃതദേഹം സൊഹാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അടിയന്തരമായി നാട്ടിലേക്ക് പോയ രാംദാസിന്റെ സഹോദരൻ മരണ വിവരം അറിഞ്ഞ് സുഹാറിൽ തിരിച്ചെത്തിയിട്ടുണ്ട്. 12 വർഷമായി രാംദാസ് ഒമാനിലാണ്. അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.