ബഹ്റൈൻ : വ്യാജ എഞ്ചിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി ചെയ്യുവാൻ ബഹ്റൈനിൽ ലൈസന്‍സ് സമ്പാദിച്ച രണ്ട് പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ . 38 വയസുള്ള സ്വദേശിക്കും 46 വയസുള്ള പ്രവാസിക്കുമെതിരെയാണ് ബഹ്റൈന്‍ ലോവര്‍ ക്രിമിനല്‍ കോടതിയില്‍ നടപടി എടുത്തിരിക്കുന്നത്.പ്രതികള്‍ വ്യാജ സര്ട്ടിഫിക്കറ്റൽ ജോലി ചെയ്തെന്നും ലൈസന്‍സിങ് രേഖകള്‍ കൃത്രിമമായി നിര്‍മിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . ബഹ്റൈനില്‍ എഞ്ചിനീയര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ അംഗീകാരം നല്കുന്ന കൗണ്‍സിലില്‍ വ്യാജ രേഖകള്‍ നല്കി തെറ്റിദ്ധരിപ്പിച്ച് ലൈസന്‍സ് നേടിയതിനും ഇവർക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വദേശി 2007ലും പ്രവാസി 2014ലുമാണ് എഞ്ചിനീയറിങ് ലൈസന്‍സിന് വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത് . പാകിസ്ഥാനിലെ ഒരു സര്‍വകലാശാലയില്‍ നിന്ന് സമ്പാദിച്ച എഞ്ചിനീയറിങ് ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു സമര്‍പ്പിച്ചിരുന്നത്. 2019ല്‍ ലൈസന്‍സിന്റെ ഗ്രേഡ് വര്‍ദ്ധിപ്പിക്കാനായി അപേക്ഷ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.രേഖകളിലെ തീയതി യുടെ വ്യത്യാസമാണ് തട്ടിപ്പു പുറത്തറിയാൻ കാരണം.സര്‍വകലാശാലയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോൾ ആണ് സർട്ടിഫിക്കട്ട് വ്യാജമെന്നു കണ്ടെത്തിയത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ രണ്ട് പേര്‍ക്ക് ബിരുദം നല്‍കിയതായി ഒരു രേഖയുമില്ലെന്ന് സര്‍വകലാശാല അറിയിച്ചു. പാകിസ്ഥാനിലെ ബഹ്റൈനി എംബസി വഴി നടത്തിയ അന്വേഷണത്തിലും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ കുറ്റാരോപിതനായ പ്രവാസി ഒളിവിലാണ്. വ്യാജ ബിരുദത്തിനെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.