മനാമ : ബഹ്റൈനിൽ നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് നടത്തിയ പതിനാറോളം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി അറിയിച്ചു . അതോറിറ്റിയുടെ അംഗീകാരമില്ലാതെ നിരവധി ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കിയിരുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് എൽ എം ആർ എ നിയമനടപടി സ്വീകരിച്ചിരിക്കുന്നത് . നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സിന്റെ സഹകരണത്തോടെ എൽ.എം.ആർ.എ കാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച റിക്രൂട്ട്മെന്റ് ഏജൻസികളെ കണ്ടെത്തിയത്.” ബഹ്റിനിലെ തൊഴിൽ മേഖലക്ക് കോട്ടം തട്ടുന്ന എല്ലാ നിയമ ലംഘനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി വക്താവ് അഹ്മദ് ഇബ്രാഹിം അൽ ജുനൈദ് പറഞ്ഞു . നിയമലംഘനങ്ങൾ പരിശോധിച്ച് കണ്ടെത്തുന്നതിന് നിരവധി ഉദ്യാഗസ്ഥരെ ടീമുകളായി തിരിച്ചു പരിശീലനം പരിശീലനം നൽകിയിരുന്നു . കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 133 ഗാർഹിക തൊഴിലാളികളടക്കമുള്ളവരെ പിടികൂടിയിരുന്നു. ഇതിൽ ചിലർ വീട്ടുജോലിക്കാരായി വന്നവരും പിന്നീട് സ്പോൺസറിൽ നിന്നും ഒളിച്ചോടിയവരുമാണ് . ഇത്തരം നിയമ വിരുദ്ധ തൊഴിലാളികൾക്ക് മണിക്കൂർ രീതിയിൽ തൊഴിൽ നൽകിയിരുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും എൽ എം ആർ എ അധികൃതർ വ്യക്തമാക്കി . നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് , മുനിസിപ്പാലിറ്റി , ആഭ്യന്തര മന്ത്രാലയം , ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി തുടങ്ങി വിഭാഗങ്ങളുടെ ഏകോപനത്തിൽ നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിനായി ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട് .