ഇംഫാല്‍: അഫ്‌സ്പാ നിയമപ്രകാരം മണിപ്പൂരിനെ സംഘര്‍ഷബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തതിനെ തുടര്‍ന്നാണ് നടപടി. തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പെടെ 19 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അഫ്‌സ്പാ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ല.വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ വ്യാപകമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തിനായി സായുധ സേനയെ ഉപയോഗിക്കണമെന്നാണ് അഫ്‌സ്പാ സംബന്ധിച്ച വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അഫ്‌സ്പാ നിയമം പ്രഖ്യാപിച്ചത്.വിദ്യാര്‍ത്ഥികളെ കാണാതായി ഇത്രകാലം കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണം നടത്താത്ത പോലീസ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.