അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം – ആറ്​ കോടി സഹായം പ്രഖ്യാപിച്ച്​ ഡോ. ഷംഷീർ വയലിൽ

ദുബായ് : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർഇന്ത്യ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട ബി.ജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്കും ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കും ആറു കോടി രൂപയുടെ സഹായക ധനം നൽകുമെന്ന് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ. ബോയിങ്​ 787 വിമാനം ഇടിച്ചിറങ്ങി ജീവൻ നഷ്ടമായ എം.ബി.ബി.എസ് വിദ്യാർഥികളായ ജയപ്രകാശ് ചൗധരി, മാനവ് ഭാദു, ആര്യൻ രജ്പുത്, രാകേഷ് ദിഹോറ എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീർ സാമ്പത്തിക സഹായം നൽകും. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്‍ടമായ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതവും സഹായം നൽകും .