‘സൂപ്പര്‍ സീറ്റ് സെയില്‍’ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എയര്‍ അറേബ്യ

ദുബായ്: വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എയര്‍ അറേബ്യ എയര്‍ലൈന്‍സ്. കമ്പനി സര്‍വീസ് നടത്തുന്ന മുഴുവന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള അഞ്ച് ലക്ഷം സീറ്റുകളിലാണ് ‘സൂപ്പര്‍ സീറ്റ് സെയില്‍’ പ്രൊമോഷന്‍ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന അഞ്ച് ലക്ഷം ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക.
129 ദിര്‍ഹം എന്ന നിരക്കില്‍ യാത്രക്കാര്‍ക്ക് നേരിട്ട് നിരവധി ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരം നൽകുകയാണ് ഈ പ്രൊമോഷന്‍. 2025 മാര്‍ച്ച് 1 മുതല്‍ 2025 ഒക്ടോബര്‍ 25 വരെയുള്ള കാലയളവിലെ യാത്രാ ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ബാധകമാവുക. സെപ്റ്റംബര്‍ 30 ഇന്നലെ തുടങ്ങി ഒക്ടോബര്‍ 20 വരെയുള്ള കാലയളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ അഞ്ച് ലക്ഷം പേര്‍ക്കായിരിക്കും ഈ മെഗാ ഓഫര്‍ ലഭിക്കുക.ഷാര്‍ജ, അബുദാബി, റാസല്‍ ഖൈമ എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന എയര്‍ അറേബ്യയുടെ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ജയ്പൂര്‍, നാഗ്പൂര്‍, കൊല്‍ക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ ഇന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള നോണ്‍സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ക്ക് ഈ കാലയളവില്‍ 129 ദിര്‍ഹം നിരക്കില്‍ യാത്ര ചെയ്യാനാവും. ഏഥന്‍സ്, ക്രാക്കോവ്, വാര്‍സോ, മാലി, മിലാന്‍, വിയന്ന, കൊളംബോ, ഇസ്താംബുള്‍, മോസ്‌കോ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്കും നിരക്കിളവോടെ യാത്ര ചെയ്യാം.