ന്യൂഡൽഹി: മദ്യപിച്ച് വിമാനയാത്രക്കൊരുങ്ങിയ പൈലറ്റിനെ എയർ ഇന്ത്യ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.ഡൽഹി-ബാംഗ്ലൂർ വിമാനത്തിൽ യാത്രക്കാരനായി പോകാനാണ് പൈലറ്റ് എത്തിയത്.എന്നാൽ വിമാനത്തിൽ സീറ്റ് ഒഴിവുണ്ടായിരുന്നില്ല.തുടർന്ന് വിമാനത്തിന്‍റെ കോക്പിറ്റിൽ അഡിഷനൽ ക്രൂ അംഗമായി യാത്രചെയ്യാൻ അനുവദിക്കണമെന്ന് പൈലറ്റ് അഭ്യർഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഇങ്ങനെ യാത്ര ചെയ്യാൻ എയർ ഇന്ത്യ അനുവദിക്കാറുണ്ട്. എന്നാൽ, ഇതിന് മുന്നോടിയായുള്ള ലഹരി പരിശോധനയിൽ പൈലറ്റ് പരാജയപ്പെടുകയായിരുന്നു.തുടർന്ന്, പൈലറ്റ് വിമാനത്തിൽ യാത്രചെയ്യുന്നത് തടയുകയും ഡി.ജി.സി.എക്ക് റിപോർട്ട് നൽകുകയും ചെയ്തു. പിന്നീട് ഇയാളെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.എയർബസ് എ320യുടെ സീനിയർ പൈലറ്റായ ഇദ്ദേഹത്തിന് യാത്രാ നിയമങ്ങൾ വ്യക്തമായി അറിയാമെന്നും സുരക്ഷ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും ഡി.ജി.സി.എ അധികൃതർ പറഞ്ഞു.