ജിദ്ദ: പ്രവാസികളുടെ യാത്ര പ്രശ്നങ്ങളെ കുറിച്ച് വിശദമായി പാർലമെന്റിൽ സ്വകാര്യ പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ എം പി യ്ക്കും പ്രസ്തുത വിഷയത്തിൽ ഇടപെട്ടു ചോദ്യങ്ങൾ ഉന്നയിച്ച എം പി മാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ തുടങ്ങിയവർക്കും നന്ദി രേഖപ്പെടുത്തീയും, വിഷയത്തിൽ തുടർ നടപടികൾ ഉണ്ടാകുവാൻ ശ്രദ്ദിക്കണമെന്നും അഭ്യർത്‌ഥിച്ചു കൊണ്ടു കത്തയച്ചതായി ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ കെ ടി എ മുനീർ പറഞ്ഞു. ജൂലായ് മാസം ആദ്യത്തിൽ അമിതമായ വിമാന യാത്ര നിരക്കുമായി ബന്ധപ്പെട്ട്, കേന്ദ്ര വ്യാമയാന മന്ത്രിയ്ക്കും കേരള മുഖ്യമന്ത്രിയ്ക്കും പരാതി അയച്ചിരുന്നതായും വിഷയത്തിൽ പ്രവാസികൾക്കായി ശക്തമായ ഇടപെടലുകൾ നടത്തുന്നതിന് മുഴുവൻ പ്രവാസി സംഘനകളും ഒരുമിക്കണമെന്നും മുനീർ വാർത്തകുറിപ്പിൽ പറഞ്ഞു.
സൗദി – ഇന്ത്യ എയർ സർവീസ് എഗ്രിമെന്റ് – 2008 ജനവരിയിൽ ആണ് മാറ്റം വരുത്തിയതും ചർച്ച നടത്തിയതും പിന്നിട് കോവിഡ് സമയത്ത് ചില ചർച്ചകളും മാറ്റങ്ങളും വന്നിരുന്നു. ഇത് പ്രകാരം ഇന്ത്യയിൽ നിന്നും സൗദിയിലേയ്ക്ക് തിരിച്ചും ആഴ്ച്ചയിൽ 40000 യാത്രക്കാരെ കൊണ്ടുപോകുവാനാണ് സാധിക്കുക. അതായത് ഇന്ത്യയിൽ ഇന്നുള്ള 6 ഉം സൗദിയിലെ 2 ഉം വിമാന കമ്പനികൾക്ക് ഇരു രാജ്യങ്ങളിലേയ്ക്കും സർവീസ് നടത്തുന്നതാണ്. ഇപ്രകാരം ഒരു ദിവസം ഏകദേശം കുറഞ്ഞ യാത്രക്കാർക്കുമാത്രമാണ് നേരിട്ട് വിമാനയാത്രയ്ക്ക് അവസരം ഉണ്ടാകുക. യു എ ഇയിലേക്ക് ആഴ്‌ചയിൽ 65000 പേർക്കാണ് ഇത്തരത്തിൽ അനുമതിയുള്ളതു.ഇത് ഇവിടെ താമസിക്കുന്ന ദശ ലക്ഷകണക്കിനു ഇൻഡ്യാക്കാർക്കു യാത്ര സൗകര്യത്തിനു മതിയാവില്ല പ്രത്യകിച്ചും സീസൺ സമയങ്ങളിൽ ഇതാണ് യാത്ര നിരക്ക് വാർപ്പിക്കുവാനുള്ള പ്രധാന കാരണം. അതിനിടയിൽ മോഡി സർക്കാർ ഉണ്ടാക്കിയ പുതിയ വ്യോമയാന നയം അനുസരിച്ച്, ഇന്ത്യയിൽ നിന്ന് വിമാന യാത്രയ്ക്ക് 5,000 കിലോമീറ്ററിനുള്ളിൽ ഉള്ള ഒരു രാജ്യത്തിനും അധിക സീറ്റുകൾ അനുവദിക്കില്ല, സ്വകാര്യ ഇന്ത്യൻ വിമാനക്കമ്പനികളുടെ സീറ്റുകളിൽ ക്വാട്ടയുടെ 80% തീർന്നില്ലെങ്കിൽ വിദേശ കമ്പനികൾക്ക് കൂടുതൽ സർവീസിന് അനുമതിയ്ക്കു അപേക്ഷ നൽകുവാൻ പോലും സാധിക്കില്ല. ഇത്തരത്തിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നതിനുള്ള എല്ലാ അവസരങ്ങൾ നൽകുകയും, ടിക്കറ്റ് നിരക്കിൽ കുറച്ചെങ്കിലും ഇടപെടാൻ സാധിക്കുന്ന ദേശിയ വിമാന കമ്പനിയെ പൂർണമായും സ്വാകാര്യവത്കരിച്ചു, സിവിൽ ഏവിയേഷൻ മേഖല കുത്തക മുതലാളിമാർക്ക് ലാഭകരമാകുവാനുള്ള കളിക്കളമായി മാറ്റി കാഴ്ച്ചക്കാരെ പോലെ ഗാലറിയിൽ ഇരിക്കുകയനാണ് സർക്കാറെന്നും മുനീർ വാർത്തകുറിപ്പിൽ പറഞ്ഞു. എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ചരക്കു വിമാന കമ്പനികൾക്കുള്ളത് പോലെ ഓപ്പൺ സ്കൈ പോളിസി കൊണ്ടുവരണം. കുറഞ്ഞ പക്ഷം സീസൺ സമയത്തെങ്കിലും ടിക്കറ്റ് നിരക്ക് കാര്യത്തിൽ ഇടപെടുവാൻ അധികാരമുള്ള എയർ ടിക്കറ്റ് താരിഫ് റെഗുലേറ്ററി അതോറിറ്റി രൂപികരിക്കണം.ഈ വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടണമെന്നും ആവിശ്യപെട്ടുകൊണ്ട് കേരളത്തിലെ മുഴുവൻ എം പി മാർക്കും കത്തയക്കുമെന്നും ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൂടിയായ മുനീർ വർത്തകുറിപ്പിൽ അറിയിച്ചു.