ഒമാൻ- കേരള വിമാന സർവീസുകൾ പ്രഖ്യാപിച്ചു വിമാന കമ്പനികൾ

ഒമാൻ : കേരള സെക്ടറിലേക്ക് പുതിയ സര്‍വീസുകളുമായി ഒമാന്‍ വിമാന കമ്പനികള്‍. ഒമാന്‍ എയറും സലാം എയറുമാണ് കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കും സലാം എയര്‍ കോഴിക്കോട്ടേക്കുമാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ മുതല്‍ പുതിയ സര്‍വീസുകള്‍ ആരംഭിക്കും. ഒക്ടോബര്‍ ആദ്യ വാരം മസ്‌കറ്റ്-തിരുവനന്തപും റൂട്ടില്‍ ഒമാന്‍ എയര്‍ പ്രതിദിന സര്‍വീസ് നടത്തും. നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും. നിലവില്‍ മസ്‌കറ്റില്‍ നി്ന്നും കണക്ഷന്‍ സര്‍വീസുകള്‍ വഴി എയര്‍ ഇന്ത്യയുമായി സഹകരിച്ച് തിരുവനന്തപുരത്തേക്ക് ഒമാന്‍ എയര്‍ യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്.ഒക്ടോബര്‍ ഒന്ന് മുതല്‍ സലാം എയര്‍ കോഴിക്കോട്-മസ്‌കറ്റ് റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാത്രി 10.30ന് മസ്‌കറ്റില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 3.20ന് കോഴിക്കോടെത്തും. തിരികെ പ്രാദേശിക സമയം പുലര്‍ച്ചെ 4.20ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് രാവിലെ 6.15ന് മസ്‌കറ്റില്‍ എത്തിച്ചേരും. മസ്‌കറ്റ്-കോഴിക്കോട് റൂട്ടില്‍ 65 റിയാല്‍ മുതലും തിരികെ 55 റിയാലിന് മുകളിലേക്കുമാണ് ടിക്കറ്റ് നിരക്കുകള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ളത്. നിലവില്‍ മസ്‌കറ്റില്‍ നിന്ന് ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയാണ് സര്‍വീസുകള്‍ നടത്തുന്നത്. സലാലയില്‍ നിന്ന് കോഴിക്കോടേക്ക് സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.