റിയാദ്: മലയാളം മിഷന്റെ സൗദി അറേബ്യയിലെ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് സംസ്ഥാന സാംസ്കാരിക മന്ത്രി എ.കെ. ബാലൻ. റിയാദിൽ പറഞ്ഞു. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മലയാളം മിഷൻ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീസാൻ, തബൂക്ക്, ദമ്മാം എന്നീ മേഖലകളിൽനിന്നും റിയാദിൽനിന്നുമുള്ള 17 പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്.രാജ്യത്ത് ഏഴ് മേഖലകളിലായി മലയാളം മിഷൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 15ന് മുമ്പായി ഈ മേഖലകൾ രജിസ്റ്റർ ചെയ്യും. ഇവിടങ്ങളിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനങ്ങൾ സജീവമാക്കുകയും പഠനകേന്ദ്രങ്ങൾ സജ്ജമാക്കി മലയാളം പഠനം തുടങ്ങുകയും ചെയ്യും. കേളി, നവോദയ എന്നീ സാംസ്കാരിക സംഘടനകൾ ഇപ്പോൾ നടത്തുന്ന മാതൃഭാഷാ പ്രവർത്തനങ്ങൾ മലയാളം മിഷൻ പ്രവർത്തനവുമായി കൂട്ടിയിണക്കാനും തീരുമാനിച്ചു.
സൗദിയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റിയാദിൽനിന്നുള്ള നഇൗമിനെ ചുമതലപ്പെടുത്തി. അടുത്ത വർഷം മാർച്ച് 27ന് അധ്യാപകർക്കുള്ള ശിൽപശാലയും കുട്ടികളുടെ കലാപരിപാടികളും ദമ്മാമിൽ നടത്തും. യോഗത്തിൽ നഈം അധ്യക്ഷത വഹിച്ചു. എം. താഹ (ജീസാൻ) സ്വാഗതവും സതീഷ് കുമാർ (റിയാദ്) നന്ദിയും പറഞ്ഞു. വർഷങ്ങളായി വിദേശരാജ്യങ്ങളിൽ കഴിയുന്ന മലയാളികളുടെ മക്കൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന അവസ്ഥക്ക് പരിഹാരമായാണ് മലയാളം മിഷൻ സർക്കാർ ആരംഭിച്ചത്. 32 ലധികം രാജ്യങ്ങളിൽ 40 ചാപ്റ്ററുകളിലായി പതിനായിരത്തിലധികം കുട്ടികൾ മലയാളം പഠിക്കുന്നു. കേരള സാംസ്കാരിക വകുപ്പാണ് മിഷന് നേതൃത്വം നൽകുന്നത്. 11 ഇന്ത്യൻ സംസ്ഥാനങ്ങളിലും മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മൊത്തം 30,000ലധികം കുട്ടികളാണ് നിലവിൽ കേരളത്തിന് പുറത്ത് മലയാളം പഠിക്കുന്നത്. ജപ്പാനിലെ മലയാളം പഠനകേന്ദ്രത്തിൽ നാല് ജാപ്പനീസ് കുട്ടികളും മലയാളം പഠിക്കുന്നുണ്ട്. മലയാളം മിഷന്റെ മുഖപത്രമായ ‘ഭൂമിമലയാളം’ നടത്തിയ കവിതാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് ഒരു ജാപ്പനീസ് പെൺകുട്ടിയാണെന്ന് മന്ത്രി ബാലൻ പറഞ്ഞു.