സഞ്ചാരികള്‍ക്കായി അല്‍ഹൂത്ത ഗുഹ വീണ്ടും തുറക്കുന്നു

file pic
file pic

ഓമനിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന അല്‍ഹൂത്ത ഗുഹ, ഇവിടം അറ്റകുറ്റപ്പണികള്‍ക്കായി വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു.

സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഗുഹയിലേക്ക് പ്രവേശം അനുവദിക്കുമെന്ന് ഒമാന്‍ ടൂറിസം ഡെവലപ്മെന്‍റ് കമ്പനി (ഒംറാന്‍) ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ സലാഹ് അല്‍ ഗസാലി ട്വിറ്ററില്‍ അറിയിച്ചു. നിസ്വക്കടുത്ത് അല്‍ഹംറ വിലായത്തിലാണ് 20 ലക്ഷത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന അല്‍ ഹൂത്ത ഗുഹ സ്ഥിതി ചെയ്യുന്നത്.
ഹജര്‍ മലനിരകളുടെ തെക്കുവടക്ക് ദിശയില്‍ തനൂഫ് താഴ്വരക്ക് സമീപമുള്ള അല്‍ ഹൂത്തയിലേക്കുള്ള വഴിയില്‍ മനോഹരമായ നിരവധി കാഴ്ചകള്‍ പ്രകൃതി കാത്തുവെച്ചിട്ടുണ്ട്. 2006ല്‍ സന്ദര്‍ശകര്‍ക്കായി തുറന്ന ഗുഹയില്‍ നാലര കിലോമീറ്റര്‍ നീളത്തിലുള്ള തുരങ്കവും, ഒരു ഭൂഗര്‍ഭ ഉറവയുടെ തുടര്‍ച്ചയായി രണ്ടു തടാകങ്ങളുമുണ്ട്. 800 മീറ്റര്‍ നീളവും10 മീറ്റര്‍ വീതിയും 15മീറ്റര്‍ ആഴവുമുള്ള ഗുഹയുടെ നടുവിലുള്ള വലിയ തടാകത്തില്‍ 30,000 ക്യുബിക് മീറ്റര്‍ വെള്ളം കൊള്ളും.

ഗുഹയുടെ സന്ദര്‍ശക ഓഫിസില്‍നിന്ന് ഇലക്ട്രിക് ട്രെയിനിലാണ് സഞ്ചാരികളെ ഗുഹക്കകത്തേക്കു കൊണ്ടുപോകുന്നത്. ഏഴ് കമ്പാര്‍ട്ട്മെന്‍റുള്ള ട്രെയിനില്‍ 48 പേര്‍ക്ക് യാത്ര ചെയ്യാം. ഒമാനിലെ ഒരേയൊരു ട്രെയില്‍ സര്‍വിസ് ആണിത്. ഗുഹാമുഖത്തുനിന്ന് പിന്നീട് കാല്‍നടയായിട്ടാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. ഗുഹക്ക് അകത്തെ ആവാസവ്യവസ്ഥക്ക് ഭംഗമുണ്ടാകാതിരിക്കാന്‍ നേരത്തേ 750 പേര്‍ക്ക് മാത്രമാണ് ഒരു ദിവസം പ്രവേശം അനുവദിച്ചിരുന്നത്. ഈ എണ്ണത്തില്‍ വര്‍ധന വരുത്തുമോയെന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. സൂര്യപ്രകാശം കടന്നുചെല്ലാത്ത ഗുഹ വവ്വാലുകള്‍, പലയിനം ആര്‍ത്രോപോടുകള്‍, വലിയ വേട്ടക്കാരന്‍ ചിലന്തികള്‍, അട്ടകള്‍ തുടങ്ങി നൂറോളം ജീവികളുടെ ആവാസകേന്ദ്രമാണിത്. നാലര കിലോമീറ്റര്‍ നീളത്തില്‍ 500 മീറ്റര്‍ വരെ ദൂരം മാത്രമാണ് ഇതുവരെ സഞ്ചാരികള്‍ക്ക് പ്രവേശമുണ്ടായിരുന്നത്. ചുണ്ണാമ്പുകല്‍പാറകള്‍ നിറഞ്ഞതാണ് ഗുഹയുടെ ഉള്‍ഭാഗം.
വിവിധ നിറങ്ങളിലും രൂപങ്ങളിലും ലക്ഷോപലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ടചുണ്ണാമ്പുകല്‍ ശില്‍പങ്ങളാണ് ഗുഹയുടെ ഏറ്റവും വലിയ മനോഹാരിത. ഉള്‍ഭാഗത്തെ തടാകത്തില്‍ പലയിനം ചെറു മത്സ്യങ്ങളുണ്ട്. നമ്മുടെ ഗപ്പി പോലെയുള്ള ചെറിയ മത്സ്യങ്ങള്‍ തീരെ ചെറിയ കണ്ണുകളുള്ളവ, പിന്നെ ലോകത്തില്‍തന്നെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന കണ്ണില്ലാത്ത മീനും ഇവിടെ കാണപ്പെടുന്നു. ഒമാന്‍െറ വിനോദ സഞ്ചാര മേഖലയില്‍ വലിയ ഉണര്‍വുണ്ടാകാന്‍ അല്‍ഹൂത്ത ഗുഹ തുറക്കുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.