ആലപ്പുഴ :പാലത്തിൽ നായയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തിലെ പ്രതി അറസ്റ്റിൽ.ആലപ്പുഴ കിടങ്ങറ നല്ലവീട്ടിൽ താഴ്ചയിൽ സന്തോഷിനെ (പുട്ട് സന്തോഷ്–48) ആണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങറ തോട്ടുങ്കൽ പാലത്തിൽ നായയെ കെട്ടിത്തൂക്കിയിട്ടതായും ജഡം ജലാശയത്തിൽ ഒഴുകുന്ന നിലയിലും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
പീപ്പിൾസ് ഫോർ ആനിമൽ ഇൻ ഇന്ത്യ എന്ന സംഘടനയുടെ സെക്രട്ടറി സുജാത എസ്.നായർ, പ്രസിഡന്റ് ജോൺസൺ എന്നിവരാണു രാമങ്കരി പൊലീസിൽ ഇതു സംബന്ധിച്ചു പരാതി നൽകിയത്. കഴിഞ്ഞ 15ന് ആണു കേസ് റജിസ്റ്റർ ചെയ്തത്. രാമങ്കരി എസ്ഐ ആനന്ദ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്നാണു പ്രതിയെ പിടികൂടിയത്. തന്റെ വീട്ടിലെയും അയൽവീടുകളിലെയും കോഴിയെ പിടിച്ചതിനാണ് തെരുവുനായയെ കൊന്നതെന്നു പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു.