
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ ചിത്രരചനാ മത്സരങ്ങളി ലൊന്നായ ആലേഖ് 24 ന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രഥമ ആലേഖ് 24 ജൂൺ 14നു വെള്ളിയാഴ്ച ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി നടത്താനുള്ള ഒരുക്കം തുടങ്ങിയതായും അനുമതി ഉടൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്‌കൂൾ അധികൃതർ പറഞ്ഞു. പത്ര സമ്മേളനത്തിൽ സ്‌കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ ബോണി ജോസഫ്,മിഥുൻ മോഹൻ,ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും പങ്കെടുത്തു. സർഗ്ഗാത്മക കലകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സ്കൂളിന്റെ പ്രതിബദ്ധതയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ചിത്ര രചനാ മത്സരം. എല്ലാ തലങ്ങളിലുമുള്ള കലാകാരന്മാർക്ക് അവരുടെ കഴിവും സർഗ്ഗാത്മകതയും കലയോടുള്ള അഭിനിവേശവും പ്രകടിപ്പിക്കാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഒരു വാർഷിക ആഘോഷമായി ആലേഖ് നടത്താൻ സ്കൂൾ പദ്ധതിയിടുന്നു. ബഹ്‌റൈനിലുടനീളമുള്ള സ്‌കൂളുകളിൽ നിന്ന് 5 മുതൽ 18 വയസ്സുവരെയുള്ള പ്രായപരിധിയിലെ വിഭാഗങ്ങൾ പങ്കെടുക്കും. മത്സരത്തിനുള്ള രജിസ്‌ട്രേഷൻ സൗജന്യമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. മത്സരത്തിനായി വിദ്യാർത്ഥികളെ നാമനിർദ്ദേശം ചെയ്യാൻ സ്‌കൂളുകളോട് അഭ്യർത്ഥിക്കുന്നു. ഗ്രൂപ്പ് പെയിന്റിങ് മത്സരം ‘ഹാർമണി’ ആലേഖിന്റെ ഒരു പ്രത്യേകതയാണ് . രജിസ്ട്രേഷനും ബ്രീഫിംഗ് സെഷനുകളുമായി അന്ന് മത്സരം ആരംഭിക്കും, തുടർന്ന് ഓരോ പ്രായക്കാർക്കും നിയുക്ത ഡ്രോയിംഗ്, പെയിന്റിങ് സെഷനുകൾ നടക്കും. അതേ ദിവസം അവാർഡ് ദാന ചടങ്ങിൽ ഫലങ്ങൾ പ്രഖ്യാപിക്കും.
സ്കൂൾ മേളയിൽ തിരഞ്ഞെടുത്ത പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കും. ബഹ്‌റൈനിലെ യുവ കലാകാരന്മാരുടെ സർഗ്ഗാത്മകതയെ ആഘോഷിക്കുന്നതിനായി ഇന്ത്യൻ സ്കൂൾ എല്ലാ കലാപ്രേമികളെയും രക്ഷിതാക്കളെയും സമൂഹത്തിലെ അംഗങ്ങളെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 39152628, 39804126,36111670 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. എൻട്രികൾ isbart@indianschool.bh എന്ന ഇമെയിലിലേക്ക് അയക്കാം. രജിസ്ട്രേഷന്റെ അവസാന ദിവസം ജൂൺ 7 ആയിരിക്കും.
ഇന്ത്യൻ സ്‌കൂളിൽ മതിയായ ശൗചാലയത്തിന്റെ ദൗർലഭ്യത്തിന് ശാശ്വത പരിഹാരമായി പെൺകുട്ടികൾക്ക് മാത്രമായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമിക്കാൻ ആലോചിക്കുന്നതായി സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. 100 ശൗചാലയങ്ങൾ നിർമിക്കുന്നതിനും അടിയന്തര ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച് നിർമാണത്തിന് അംഗീകാരം നേടുന്നതിനുമുള്ള പദ്ധതി സ്‌കൂൾ തയാറാക്കി തുടങ്ങിയിട്ടുണ്ട്. ടോയ്‌ലറ്റുകളുടെ ശുചിത്വം എല്ലായ്‌പ്പോഴും ഉറപ്പാക്കാൻ കൂടുതൽ വനിതാ ക്ലീനർമാരെ വിന്യസിക്കുകയും ഓരോ ടോയ്‌ലറ്റ് ബ്ലോക്കിലേക്കും ഒരു വനിതാ ക്ലീനറെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ സെക്യൂരിറ്റി ക്യാബിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സി സി ടി വി ഉൾപ്പെടെ പൂർണമായും സജ്ജീകരിച്ച സുരക്ഷാ ക്യാബിൻ ഇപ്പോൾ പ്രവർത്തനക്ഷമമാണ്. സ്‌കൂൾ പഴയ ബസുകൾക്ക് പകരം അഞ്ച് പുതിയ ബസുകൾ വാങ്ങിയിട്ടുണ്ട്. ഫീസ് അടക്കാൻ നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, അമെക്‌സ് കാർഡ് സൗകര്യം ഏർപ്പെടുത്തി. കൊച്ചുകുട്ടികളിൽ ശാസ്ത്ര കൗതുകം വികസിപ്പിക്കുന്നതിനായി സ്കൂൾ ജൂനിയർ കാമ്പസിൽ ഒരു സയൻസ് ലാബ് സ്ഥാപിച്ചു. വിദ്യാർത്ഥികളുടെ ബസ് സ്റ്റോപ്പുകൾ മാറ്റാതെ, ശേഷിയുടെ 50% ൽ താഴെ മാത്രം ഓടുന്ന ഏതാനും ബസുകളുടെ റൂട്ടുകൾ പുനർവിന്യാസം വഴി കൂടുതൽ കാര്യക്ഷമമാക്കി. സ്‌കൂൾ ബസുകളിൽ ജിപിഎസ് സൗകര്യങ്ങൾ സ്ഥാപിക്കുന്നത് സെപ്‌റ്റംബർ മുതൽ നടപ്പാവും. പാഠപുസ്തകങ്ങൾ കൃത്യസമയത്ത് വിതരണം ചെയ്തതായി സ്‌കൂൾ അധികൃതർ പറഞ്ഞു. അക്കാദമിക മികവിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വ്യക്തി വികാസം ഉറപ്പാക്കാൻ സ്‌കൂൾ പരമാവധി ശ്രമിക്കുമെന്നു അഡ്വ ബിനു മണ്ണിൽ പറഞ്ഞു.