മസ്കറ്റ്: ‘റാൻസം വെയർ’ സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെ ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഒമാൻ സർക്കാറിെൻറ ചില കമ്പ്യൂട്ടർ ശൃംഖലകളെയും ‘റാൻസം വെയർ’ ബാധിച്ചതായും ആക്രമണങ്ങളെ നേരിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും ഒമാൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (ഒമാൻ സെർട്ട്) കഴിഞ്ഞദിവസം പ്രസ്താവനയിൽ അറിയിച്ചിരുന്നു. പരാതി പരിഹാര സംവിധാനം, വർക്ക് ലീവ് നോട്ടീസ്, വർക്ക് പെർമിറ്റ് റിക്വസ്റ്റ് തുടങ്ങിയ ഇലക്ട്രോണിക് സേവനങ്ങളെല്ലാം 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം ഞായറാഴ്ച രാവിലെയാണ് അറിയിച്ചത്. പരിസ്ഥിതി-കാലാവസ്ഥ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, മസ്കത്ത് നഗരസഭ എന്നിവയുടെ ഇലക്ട്രോണിക് സേവനങ്ങളും മുൻകരുതൽ നടപടികളുടെ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചു. മസ്കത്ത് സെക്യൂരിറ്റീസ് മാർക്കറ്റ് ഒാൺലൈൻ ഒാഹരി ട്രേഡിങ് നിർത്തിവെച്ചു. സുരക്ഷയുടെ ഭാഗമായി തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകളുടെ പ്രവർത്തനം അവസാനിപ്പിച്ചതായി സുൽത്താൻ ഖാബൂസ് സർവകലാശാലയും അറിയിച്ചു.