മസ്കറ്റ് : ഓൾ കേരള വുമൺസ് മസ്കറ്റ് വാർഷികാഘോഷ പരിപാടി സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതൽ റൂവി അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു . ” അനോഖി ” എന്ന പേരിൽ അവതരിപ്പിക്കുന്ന വാർഷികാഘോഷ പരിപാടിയിൽ ചലച്ചിത്ര താരം ശ്വേതാ മേനോൻ , സംവിധായകൻ നാദിർഷായുടെ മകളായ ഐഷ നാദിർഷ എന്നിവർ മുഖ്യാതിയാകുന്ന പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളുടെയും , നാട്ടിൽ നിന്നും വരുന്ന കലാകാരന്മാരുടെയും പരിപാടികൾ അരങ്ങേറും . തൃശൂർ ചാലക്കുടിയിലെ ” ബ്രോ ഹൗസ് ” ബാൻഡിന്റെ ഡി.ജെ , ചെണ്ട വിത്ത് വാട്ടർ ഡ്രം ആയിരിക്കും പരിപാടിയുടെ മുഖ്യ ആകർഷണം .കൂടാതെ ആർ.ജെ.ഡാൻസ് ഇൻസ്റ്റിട്യൂട്ടിലെ കലാകാരന്മാരുടെ ക്‌ളാസിക്കൽ നൃത്ത നാടകം , കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും .പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെങ്കിലും പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ് . ഏഴു വർഷങ്ങൾക്കു മുൻപ് മസ്‌കറ്റിലെ കുടുംബിനികളുടെ കൂട്ടായ്മയായി ആരംഭിച്ച ഓൾ കേരള വുമൺസ് മസ്കറ്റിൽ മുന്നൂറിലേറെ അംഗങ്ങൾ ഉണ്ട് . ഭൂരിഭാഗവും കുടുംബിനികൾ അംഗമായുള്ള കൂട്ടായ്മ അംഗങ്ങളുടെ കലാ സാംസ്കാരിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും , അതോടൊപ്പം സ്ത്രീകളെ സ്വയം പര്യാപ്തരാക്കാൻ ഉതകുന്ന വിധത്തിലുള്ള സംരംഭക പ്രവർത്തനങ്ങളിലും സജീവമാണ് . ഇക്കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ നിരവധി കലാ സാംസ്കാരിക പ്രവർത്തനങ്ങളും , ജീവകാരുണ്യ പ്രവർത്തനങ്ങളും കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു . കൂട്ടായ്മയിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് ” ഓൾ കേരള വുമൺസ് മസ്കറ്റിന്റെ ” സാമൂഹിക മാധ്യമ പേജുകൾ വഴി കൂടുതൽ വിവരങ്ങൾ അറിയുവാനും അംഗമാകാനും സാധിക്കും . റഹൂഫിയ തൗഫീഖ് , അനൂജ ഫിറോസ് , അമൃത റെനീഷ് , നാദിയ ഷംസ് , സരിത ഷെറിൻ , സിയാന ഷജീർ , എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .