അലർജി, ജലദോഷം ബദൽ മരുന്നുകൾ ലഭ്യമാക്കി

മനാമ: അലർജി, ജലദോഷം എന്നിവക്കുള്ള ബദൽ മരുന്നുകൾ മതിയായ അളവിൽ വിപണിയിൽ ലഭ്യമാണെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി. സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് ബദൽമരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചത്. സ്വകാര്യ ഫാർമസികളിലാണ് മരുന്ന് ലഭ്യതക്കുറവ് രൂക്ഷമായിട്ടുള്ളത്.

ഫാർമസികളിലെത്തുന്ന രോഗികൾക്ക് ബദൽ മരുന്നിനെക്കുറിച്ച നിർദേശം ഫാർമസിസ്റ്റുകൾ നൽകുന്നുണ്ട്. ബദൽ മരുന്നുകൾ ലഭിക്കുന്ന ഫാർമസികളുടെ ലിസ്റ്റ് അതോറിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾക്കും ഇറക്കുമതിക്കുള്ള താൽക്കാലിക അനുമതി നൽകുന്നുണ്ട്. ഇതര ജി.സി.സി രാജ്യങ്ങളിലോ ഏതെങ്കിലും അന്താരാഷ്ട്ര അതോറിറ്റികളിലോ രജിസ്റ്റർ ചെയ്ത മരുന്നുകൾക്കാണ് ഇപ്രകാരം താൽക്കാലിക അനുമതി നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.