AMAI ബഹ്റൈന്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

ബഹ്റൈന്‍: ആയുര്‍വേദ ചികിത്സയും വൈദ്യവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (AMAI) – ബഹ്റൈന്‍ ചാപ്റ്ററിന്റെ ഉദ്ഘാടനം യോഗവും ജനറല്‍ ബോഡി മീറ്റിംഗും വിജയകരമായി നടന്നു. യോഗം പ്രൊഫ. ഫാത്തിമ അല്‍ മന്‍സൂരി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യ മേഖലയിലെ വനിതാ ശാക്തീകരണം എന്നിവയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ പ്രമുഖ അക്കാദമീഷ്യനും ആരോഗ്യ വിദഗ്ധയുമാണ് പ്രൊഫ. ഫാത്തിമ അല്‍ മന്‍സൂരി.

അഡ്ഹോക്ക് കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. ബിനു ജെ എബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. അജുമല്‍ എ എം സ്വാഗത പ്രസംഗം നടത്തി. ബഹ്റൈനില്‍ ആയുര്‍വേദത്തിന്റെ ശാസ്ത്രീയവും നിയമപരവുമായ വളര്‍ച്ചയ്ക്കായി AMAI നടത്തുന്ന പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും യോഗത്തില്‍ വിശദീകരിച്ചു. ഡോ. അതുല്യ ഉണ്ണികൃഷ്ണന്‍ നന്ദിപ്രമേയം അര്‍പ്പിച്ചു. ജനറല്‍ ബോഡി മീറ്റിംഗില്‍ 45 ആയുര്‍വേദ ഡോക്ടര്‍മാര്‍ പങ്കെടുത്തു.

യോഗത്തില്‍ പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഡോ. ബിനു ജെ എബ്രഹാം പ്രസിഡന്റായും, ഡോ. അജുമല്‍ എ എം സെക്രട്ടറിയായും, ഡോ. പ്രശോഭ് കെ പി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ലേഡീസ് വിംഗ് ഭാരവാഹികളായി ഡോ. അതുല്യ ഉണ്ണികൃഷ്ണന്‍ (ചെയര്‍പേഴ്‌സണ്‍), ഡോ. ദേവി മുരളിദാസ് (കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ബഹ്റൈനിലെ ആയുര്‍വേദ ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ ഐക്യം ശക്തിപ്പെടുത്തുകയും ശാസ്ത്രീയ ആയുര്‍വേദ ചികിത്സയ്ക്ക് കൂടുതല്‍ അംഗീകാരം നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ AMAI ബഹ്റൈന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് യോഗം അറിയിച്ചു.