
മസ്കറ്റ്: പ്രവാസി ലീഗൽ സെൽ പ്രവർത്തന റിപ്പോർട്ട് പ്രകാശനം നടത്തി ഒമാനിലെ ഇന്ത്യൻ അംബാസിഡർ ജി. വി. ശ്രീനിവാസ്. മസ്കറ്റിലെ ഇന്ത്യൻ എംബസ്സിയിൽ നടന്ന ചടങ്ങിലാണ് 2024 -25 വർഷത്തെ പ്രവർത്തന റിപോർട്ട് പ്രകാശനം ചെയ്തത്. പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചതോടൊപ്പം ആഗോള തലത്തിൽ ഇന്ത്യൻ പ്രവാസികളെ കൂടുതൽ ശാക്തീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അംബാസിഡർ ജി. വി. ശ്രീനിവാസ് സൂചിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് മികച്ച പിന്തുണ നൽകുന്ന ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, ഒമാനിലെ പിഎൽസിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അറിയിച്ചു.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 2009 മുതൽ പ്രവർത്തിക്കുന്ന ഒരു സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിരവധിയായ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് വിവിധ കോടതികളിൽകൂടിയും മറ്റും പരിഹാരം കാണാൻ ലീഗൽ സെല്ലിന് സാധിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ ചാപ്റ്ററുകളുള്ള പിഎൽസിയുടെ പ്രവർത്തനം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പിഎൽസിയുടെ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്ത് വാർത്താകുറിപ്പിൽ പറഞ്ഞു.







