സമ്മർ ഡിലൈറ്റിന് ആവേശ്വോജ്വലമായ തുടക്കം

മനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച്  “സമ്മർ ഡിലൈറ്റ് സീസൺ ടു” എന്ന പേരിൽ  സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന്

ആവേശകരമായ തുടക്കം. കഴിഞ്ഞ ദിവസം ആരംഭിച്ച ക്യാമ്പിൻ്റെ ഔപചാരികമായ ഉൽഘാടനം ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജമാൽ ഇരിങ്ങൽ നിർവഹിച്ചു. നല്ല സൗഹൃദങ്ങൾ ആണ് ഏറ്റവും മികച്ച സമ്പത്തെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കൂട്ടുകാരെ കണ്ടെത്താനും പരസ്പരം അറിയാനും ശ്രമിക്കണം. അറിവ് വർധിക്കുന്നതും അതിലൂടെ തിരിച്ചറിവുകൾ ഉണ്ടാകുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്. നല്ല മക്കളായി വളരാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ആക്ടിംഗ് പ്രസിഡൻ്റ് സമീർ ഹസൻ അദ്ധ്യക്ഷത വഹിച്ചു. മലർവാടി സെക്രട്ടറി ലൂന ഷഫീഖ് സ്വാഗതവും ടീൻസ് ഇന്ത്യ സെക്രട്ടറി അനീസ് വി.കെ നന്ദിയും പറഞ്ഞു.
ക്യാമ്പ് ഡയരക്ടർ അബ്ദുൽ ഹഖ്, ക്യാമ്പ് കോർഡിനേറ്ററും മോട്ടിവേഷണൽ സ്പീക്കറും കൗൺസിലറുമായ എ.എം.ഷാനവാസ് എന്നിവർ കുട്ടികളുമായി സംവദിച്ചു. ഫ്രൻ്റ്സ് ആക്ടിംഗ് ജനറൽ സെക്രെട്ടറി സക്കീർ ഹുസൈൻ, ടീൻ ഇന്ത്യ കൺവീനർ ഫാത്തിമ സ്വാലിഹ്, കേന്ദ്ര സമിതി അംഗം ഖാലിദ് സി, ടീൻ ഇന്ത്യ മനാമ ഏരിയ കൺവീനർ സജീബ്, സാജിർ ഇരിക്കൂർ, ഗഫൂർ മൂക്കുതല, മുഹമ്മദ് ഷാജി, ജലീൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

കുട്ടികൾക്ക് വിനോദത്തിലൂടെ വിജ്ഞാനം പകരുക എന്നതാണ് ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ആഗസ്റ്റ് 14 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ ഏതാനും സീറ്റുകൾ കൂടി ബാക്കിയുണ്ടെന്ന് സംഘാടകർ അറിയിച്ചു. 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുക. നാട്ടിൽ നിന്നുള്ള പ്രശസ്ത മോട്ടിവേഷനൽ ട്രെയിനർമാർ, ലൈഫ് കോച്ചുമാർ, ചൈൽഡ് സ്പെഷലിസ്‌റ്റുകൾ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബഹ്‌റൈനിലെ പ്രമുഖരുമാണ് വിത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ഗൾഫിലെ അരോചകമാകുന്ന വേനലവധിക്കാലം “സമ്മർ ഡിലൈറ്റിലൂടെ” രസകരവും വിജ്ഞാനപ്രദവുമായ അനുഭവമാക്കി മാറ്റാൻ ഒരുങ്ങുകയാണ് ഈ ക്യാമ്പിലൂടെ സംഘാടകർ.

നാടൻ കളികൾ, ക്രാഫ്റ്റ്, ഫീൽഡ് ട്രിപ്പ്, അഭിനയം, നൃത്തം, പാട്ട്, കഥ, പരിസ്ഥിതി പഠനം, പരിസര നിരീക്ഷണം, നേതൃ പ്രരിശീലനം, കരിയർ & ലൈഫ് സ്‌കിൽസ്, ഹെൽത്ത് & ഫിറ്റ്നസ്, ടീം ബിൽഡിങ്, ഡിജിറ്റൽ ലിറ്ററസി, എക്സ്പ്രെസീവ് ആർട്ട്സ്, ടൈം മാനേജ്‌മെന്റ്, ക്രിയേറ്റിവ് സ്‌കിൽ എൻഹാൻസ്മെന്റ്, ടെക്‌നോളജി & ഇന്നൊവേഷൻസ്, സാമൂഹിക സേവനം, പൊതു പ്രഭാഷണം, യോഗ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനങ്ങളാണ് സമ്മർ ഡിലൈറ്റിൽ ഒരുക്കിയിട്ടുള്ളത്. കലാമല്‍സരങ്ങൾ, പ്രദര്‍ശനങ്ങൾ, പ്രൊജക്ട് വര്‍ക്കുകള്‍ തുടങ്ങിയവയും ക്യാമ്പിൻ്റെ  ഭാഗമായുണ്ടാവും. രക്ഷിതാക്കൾക്ക് വേണ്ടി പ്രമുഖർ നയിക്കുന്ന   പ്രത്യേക സെഷനുകളും ഇതിൻ്റെ ഭാഗമായി ഒരുക്കുന്നുണ്ട്. മെൻ്റർമാരായ റഷീദ ബദറുദ്ദീൻ, നുസൈബ മൊയ്തീൻ, ഫസീല ഹാരിസ്, സുആദ ഫാറൂഖ്, നസീല ഷഫീഖ്, ലുലു അബ്ദുൽ ഹഖ്, നാസ്‌നീൻ അൽത്താഫ് , നിഷിദ ഫാറൂഖ് , ഫാത്തിമ ഹനാൻ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

ക്യാമ്പിൽ  പങ്കെടുക്കുന്നവർക്കായി ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 33373214, 36128530 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവന്നതാണ്.