കുവൈറ്റ് സിറ്റി : വന്ധീകരിക്കൂ, കൊല്ലരുത്. തെരുവ് നായ്ക്കളെ വിഷം കുത്തിവച്ച് കൊല്ലുന്നതിനെതിരെ ധർണ നടത്തിയ മൃഗസ്നേഹികളുടെ ആവശ്യമാണ് ഇത്. ശല്യം വർധിച്ചതിനാൽ വിവിധ മേഖലകളിൽ തെരുവ് നായ്ക്കളെ കൊലപ്പെടുത്തിയിരുന്നു. നായ്ക്കളുടെ ശല്യത്തിൽനിന്നു മനുഷ്യരെ രക്ഷിക്കണം. അതേസമയം നായ്ക്കളുടെ ജീവനും സംരക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള നിയമം നടപ്പാക്കുന്നതിൽ ബന്ധപ്പെട്ടവരുടെ അലസതയാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്നും ഇവർ പറഞ്ഞു. ഇത്തരം പ്രശ്നം ഇല്ലാതാക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്ന് നിയമത്തിൽ നിർദേശമുണ്ട്. ജീവികളുടെ കണക്കെടുപ്പ്, തെരുവ് നായ്ക്കളെ പിടികൂടൽ, അവയുടെ പരിശോധനയും വന്ധ്യംകരണവും, പരിശീലനവും പുനരധിവാസവും എന്നീ 4 വിഭാഗങ്ങൾ ഉൾപ്പെട്ട സംവിധാനം വേണമെന്നും നിർദേശിക്കുന്നുണ്ട്. എന്നാൽ അതൊന്നും നടപ്പിലാക്കാത്തതിന്റെ ദുരിതമാണ് ഇപ്പോഴത്തേത്.
പകർച്ചവ്യാധികൾ തെരുവ് മൃഗങ്ങളിലുണ്ടോയെന്ന് കണ്ടെത്തുകയും അത്തരം ജീവികളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വേണം. മൃഗഡോക്ടർമാർ, ലാബ് തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടെയുമുള്ളതാകണം പുനരധിവാസകേന്ദ്രം. മൃഗങ്ങളെ പരിചരിക്കുന്നതിന് ജീവനക്കാർക്ക് പരിശീലനം നൽകണം. ചുരുങ്ങിയത് 10000 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലാകണം കേന്ദ്രം സ്ഥാപിക്കേണ്ടത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
ശല്യം രൂക്ഷം; കൊല്ലാം…
വഫ്ര, കബദ് തുടങ്ങിയിടങ്ങളിൽ അപകടകാരികളായ തെരുവ്നായ്ക്കളെ കൊല്ലുന്നതിൽ അപാകതയില്ലെന്ന നിലപാടുമായും ചിലർ രംഗത്ത് വന്നിട്ടുണ്ട്. മനുഷ്യരുടെ ജീവന് ഭീഷണിയാകും വിധം തെരുവ് നായ്ക്കളുടെ ശല്യം വർധിക്കുന്നുവെന്നാണ് ഇവരുടെ അഭിപ്രായം.