ആത്മ സമർപ്പണത്തിന്റെ അനശ്വര ഓർമ്മകൾ അയവിറക്കി വീണ്ടുമൊരു ബലിപെരുന്നാൾ

പ്രവാചകൻ ഇബ്രാഹിം നബിയുടെ അതുല്യമായ ആത്മസമർപ്പണത്തിന്റെയും ആത്മത്യാഗത്തിന്റെയും അനശ്വരമായ ഓർമ്മകൾ അയവിറക്കികൊണ്ട് വീണ്ടുമൊരു ബലി പെരുന്നാൾ ആഘോഷിക്കുകയാണ് വിശ്വമെങ്ങുമുള്ള വിശ്വാസികൾ. തിന്മകൾക്കെതിരെയുള്ള സന്ധിയില്ലാ സമരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവനും. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ ഓരോ സന്ദർഭങ്ങളും വിശ്വാസികൾക്കെന്നും ആവേശവും പ്രതീക്ഷയുമാണ്. അഭിനവ നംറൂദുമാർ അടക്കി വാഴുന്ന ആധുനിക ലോകത്ത് അവർക്കെതിരെയുള്ള പോരാട്ടത്തിന് വിശ്വാസികളെ പ്രാപ്തരാക്കാൻ ഉതകുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം. ആ ഓർമ്മകൾ വിശ്വാസത്തിന്റെ കരുത്തിനു ഏറെ മൂർച്ചകൂട്ടുന്നു. വിശ്വാസ ചൂഷണങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രതികരിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുന്നുണ്ട് അദ്ദേഹത്തിന്റെ ജീവിതം. അരൂപിയും അദൃശ്യനുമായ ദൈവസാമീപ്യം അനുഭവവേദ്യമാവുന്ന നിരവധി ചിഹ്നങ്ങളും പ്രതീകങ്ങളും നിറഞ്ഞു നിൽക്കുന്ന ആഘോഷാവസരം കൂടിയാണ് ബലിപെരുന്നാൾ.

സെമിറ്റിക് മതങ്ങളിൽ ഏറെ സുപരിചിതനാണ് പ്രവാചകൻ ഇബ്രാഹിമും അദ്ദേഹത്തിന്റെ കുടുംബവും. തന്റെ ജീവിതപരിസരങ്ങളിലൊക്കെയും ദൈവിക കല്പനകളുടെ സാക്ഷാൽക്കാരത്തിനായി അദ്ദേഹം നടത്തിയ ത്യാഗപരിശ്രമങ്ങളും പോരാട്ടങ്ങളും ചരിത്രത്തിന്റെ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടു കിടക്കുന്നുണ്ട്. താൻ നേരിട്ട പ്രതിസന്ധികളെ സുദൃഢമായ ഇച്ഛാശക്തിയിലൂടെ നേരിടാൻ സാധിച്ചത് കൊണ്ടാണ് അദ്ദേഹം ഇന്നും ജനമനസുകളിൽനിറഞ്ഞു നിൽക്കുന്നത്. ദൈവകല്പനകൾ അനുസരിക്കാൻ അദ്ദേഹത്തിന് കൂടുതൽ ആലോചനകളുടെ ആവശ്യം ഉണ്ടായിരുന്നില്ല. അദ്ദേഹവും ദൈവവും തമ്മിലുള്ള ബന്ധം കേവലയാന്ത്രികതയുടെയും വരണ്ട തത്വങ്ങളുടെയും അടിസ്ഥാനത്തിലുള്ളതായിരുന്നില്ല. ഇലാഹീ പ്രണയത്തിലൂടെ നേടിയെടുത്ത ദിവ്യാനുരാഗത്തിന്റെ വേണുഗാനമായിരുന്നു അവർ തമ്മിലുള്ള ബന്ധം. ഒന്ന് മറ്റൊന്നിലേക്ക് അലിഞ്ഞു ചേരുകയും രണ്ടും ഒന്നാവുകയും ചെയ്യുന്ന ഉദാത്തമായ പ്രണയമായിരുന്നു ആ ബന്ധത്തിന്റെ അടിസ്ഥാനം. ഏറെ മനോഹരവും ശ്രേഷ്ഠവുമായ ആ ബന്ധത്തിന്റെ കരുത്തിനു മുന്നിൽ എല്ലാ പ്രതിബന്ധങ്ങളും പരീക്ഷണങ്ങളും അദ്ദേഹത്തിനും കുടുംബത്തിനും നിഷ്‌പ്രയാസം മറികടക്കാൻ സാധിച്ചു. തന്റെ ജീവിതത്തിലെ എല്ലാ പ്രിയപ്പെട്ടതും തന്റെ ഇഷ്ടഭാജനത്തിനു മുന്നിൽ സമർപ്പിക്കാൻ അദ്ദേഹത്തിന് നിഷ്‌പ്രയാസം സാധിച്ചതും ഈ കാരണം കൊണ്ട് മാത്രമാണ്. ദൈവപ്രേമത്താൽ ആ ജീവിതം ലഹരിയിലാറാടുകയായിരുന്നു.

മതവിശ്വാസങ്ങളും അതിന്റെ അടിസ്ഥാനങ്ങളും ചോദ്യം ചെയ്യപ്പെടുകയും അതിനെയൊക്കെ തള്ളിപ്പറയുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. ദൈവവിശ്വാസത്തിന്റെ മനോഹാരിതയും പൂർണതയും മതഘടനയിലൂടെ മാത്രമേ സാധിക്കൂ എന്ന് ലോകത്തിനു പഠിപ്പിച്ചു കൊടുത്തതും ഇബ്രാഹിം എന്ന വിശ്വഗുരു തന്നെയാണ്. ദൈവനിരാസവും ലിബറലിസവും പുതുതലമുറയെ ഏറെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഒരു കാലം കൂടിയാണിത്. വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും എല്ലാ ആഭാസങ്ങൾക്കും വൃത്തികേടുകൾക്കുമുള്ള ലൈസൻസാണ് ഇന്ന് പലർക്കും. നമ്മുടെ മൂല്യസങ്കല്പങ്ങൾക്ക് ക്ഷതം സംഭവിച്ചു കൊണ്ടിരിക്കുന്നു. സദാചാരസങ്കൽപങ്ങളും ധാർമ്മികബോധവും റദ്ദ് ചെയ്യപ്പെടുന്ന സിനിമകളും പാട്ടുകളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അതിലൂടെ ലഹരിയും ഉദാരലൈംഗികതയും വിശുദ്ധവൽക്കരിക്കപ്പെടുന്നു. ഈയൊരു ധാർമ്മിക പ്രതിസന്ധി നിറഞ്ഞ കാലത്താണ് ഇബ്രാഹിമിന്റെയും കുടുംബത്തിന്റെയും ജീവിത മാതൃകകൾ ഏറെ പ്രസക്തമാവുന്നത്. മനുഷ്യരുടെ സാമാന്യ ബുദ്ധിക്ക് നിരക്കുന്ന ദൈവസങ്കൽപവും ധാർമ്മികതയിലൂന്നിയ മതകാഴ്ചപ്പാടുകളും ലോകത്തിനു മുന്നിൽ സമർപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നതാണ് ഇന്നും അദ്ദേഹം സർവരാലും ഓർമ്മിക്കപ്പെടാനുള്ള കാരണം.

പുരോഹിതവർഗത്തെ കൂട്ടുപിടിച്ചുകൊണ്ടാണ് എന്നും ഭരണവർഗം പൗരന്മാരെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തിയിരുന്നതും ചൂഷണത്തിന് വിധേയമാക്കിയിരുന്നതും. ഇതിനു വേണ്ടി എന്നും അവർ വ്യാജദൈവനിർമ്മിതികൾ നടത്തിയിരുന്നു. സ്വന്തം പിതാവ് ആയ ആസർ എന്ന പൗരോഹിത്യ നേതൃത്വം ആയിരുന്നു ഇബ്രാഹിമിന്റെ സത്യപാതയിലെ മുഖ്യ പ്രതിയോഗി. നടപ്പുശീലങ്ങളോട് പടപൊരുതിയതിന്റെ പേരിൽ അദ്ദേഹം വീട്ടിൽ നിന്നും നാട്ടിൽ നിന്നും നിഷ്‌കരുണം നിഷ്‌കാസനം ചെയ്യപ്പെട്ടു. അവരുടെ കള്ളദൈവങ്ങളുടെ നിരർത്ഥകത സമൂഹത്തിനു മുന്നിൽ അനാവരണം ചെയ്തതിന്റെ പേരിൽ കത്തിജ്വലിക്കുന്ന അഗ്നികുണ്ഡരത്തിൽ അദ്ദേഹം വലിച്ചെറിയപ്പെട്ടു.

ഭരണം നേടിയെടുക്കാൻ പൗരോഹിത്യത്തെയും മിത്തുകളെയും കൂട്ടുപിടിക്കുന്ന കാഴ്ച്ചകൾ നാം ഇന്നും കണ്ടുകൊണ്ടിരിക്കുന്നു. നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തപ്പെടുന്ന പൊതുസ്ഥാപനങ്ങളിലും ഭരണസിരാകേന്ദ്രങ്ങളിലുമൊക്കെ പുരോഹിതന്മാരും പൗരോഹിത്യത്തിന്റെ അടയാളങ്ങളും നാട്ടപ്പെട്ടു കഴിഞ്ഞു. പൗരോഹിത്യന്റെ കെട്ടുകാഴ്ചകൾക്കപ്പുറം യഥാർത്ഥ ദൈവികസത്തയുടെ തിരിച്ചറിവാണ് ബലിപെരുന്നാൾ മുന്നോട്ട് വെക്കുന്ന പ്രധാന സന്ദേശം. ലോകത്ത് ഇന്ന് നിലവിലുള്ള മിക്ക സംവിധാനങ്ങളും വ്യവസ്ഥകളും ബഹുദൈവാധിഷ്ഠിതമാണ്. ഈ പ്രത്യയശാസ്ത്ര പരിസരമാണ് അപരവൽക്കണത്തിന്റെ മുഖ്യ പ്രേരകം. ഫാഷിസം രാജ്യനിവാസികൾക്കിടയിൽ ഉണ്ടാക്കിയ ചേരിതിരിവ് പെട്ടെന്നൊന്നും മായ്ചുകളയാൻ പുതിയ സഖ്യങ്ങൾക്കൊന്നും സാധിക്കുകയില്ല.

ഭരണകൂടതാല്പര്യങ്ങൾക്ക് ഹാലേലുയ്യ പാടാൻ വിസമ്മതിക്കുന്നവരെ പൗരത്വം നിഷേധിച്ചും ഇരുമ്പഴികൾക്കുള്ളിൽ തളച്ചും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾ ആണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. നിരപരാധികളുടെ നെടുവീർപ്പുകൊണ്ട് മുഖരിതമാണ് ലോകത്തിലെ പല ജയിലറകളും. പ്രതിഷേധസ്വരങ്ങളുടെ ചെറുഅനക്കങ്ങൾ പോലും അവരെ അസ്വസ്ഥരാക്കുന്നു. ജുഡീഷ്യറിയും ഇതര ഭരണഘടനാ സ്ഥാപനങ്ങളും തങ്ങളുടെ ഇച്ഛകൾക്കനുസൃതമായി ചലിപ്പിക്കാനുള്ള ശ്രമങ്ങളാണ് തകൃതിയായി നടക്കുന്നത്. തിന്മകയുടെ തമ്പുരാക്കന്മാർ അരങ്ങു വാഴുന്ന ഈ ആസുരകാലത്ത് നന്മകളുടെ വാസനപ്പൂക്കൾ വാരിവിതറാൻ ബലിപെരുന്നാൾ നമ്മെ പ്രചോദിപ്പിക്കേണ്ടതുണ്ട്.

ഭ്രാന്തൻ ദേശീയതും വശീയബോധവും ലോകം മുഴുവൻ മനുഷ്യത്വത്തെ ഇല്ലായ്‌മ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഫാഷിസവും സയണിസവും ആണ് ഇതിന്റെ മുൻപന്തിയിൽ നിൽക്കുന്നത്. തീവ്രദേശീയതയുടെ പേരിൽ ലോകത്ത് പലയിടത്തും മനുഷ്യത്വം അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദേശത്തിനകത്ത് ഉപദേശീയതകൾ രൂപപ്പെടുന്നു. ഇത് അപരനെ ആക്രമിക്കാനുള്ള കാരണങ്ങൾ ആയി രൂപാന്തരം പ്രാപിക്കുന്നു. തന്റെ അതിരുകൾക്കപ്പുറത്തുള്ളവനെ ശത്രുവായി കാണാനും മനുഷ്യരെ ഈ ഭ്രാന്തൻ ദേശീയത പരിശീലിപ്പിക്കുന്നു. ഈയൊരു കാഴ്ചപ്പാടിനെ ബലപ്പെടുത്താൻ ആവശ്യമായ നിയമങ്ങൾ ചുട്ടെടുക്കാനും ഇതിന്റെ പ്രണേതാക്കൾക്ക് ഇന്ന് വലിയ പ്രയാസമില്ല. ഇങ്ങനെയുള്ള എല്ലാ ഉന്മാദദേശീയതയോടും ഇബ്‌റാഹീമീ മില്ലത്ത് നിരന്തരം കലഹിക്കുന്നുണ്ട്. രാജ്യത്തോടുള്ള കൂറ് എന്നത് അവിടെ ശാന്തിയും സമാധാനവും നീതിയും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കൂടിയുൾപ്പെടുന്നതാണ്. ഇബ്രാഹിം ലോകത്തിനു മുന്നിൽ സമർപ്പിച്ചത് വിശ്വമാനവികതയുടെയും മനുഷ്യസാഹോദര്യത്തിന്റെയും സുന്ദരമായ പാഠങ്ങളാണ്. ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ഹജ്ജിൽ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അതുല്യമായ കാഴ്ചകളാണ് നമുക്ക് ദർശിക്കാൻ സാധിക്കുക. ഉന്മാദദേശീയതയെ റദ്ദ് ചെയ്യുന്ന സുന്ദരമുഹൂർത്തങ്ങളാണ് ഹജ്ജിലെമ്പാടും നിറഞ്ഞു നിൽക്കുന്നത്. ജാതി, ദേശം, വംശം, ഭാഷ, നിറം തുടങ്ങിയ എല്ലാ മതിൽക്കെട്ടുകകളും തകർത്തെറിയാനും എല്ലാ മനുഷ്യരെയും സ്നേഹിക്കാനും ഈ പെരുന്നാൾ നമ്മെ പഠിപ്പിക്കുന്നു.

കുടുംബം എന്ന സ്ഥാപനം പല ഭീഷണികളും നേരിട്ട്കൊണ്ടിരിക്കുന്ന കാലം കൂടിയാണിത്. വിവാഹവും കുടുംബജീവിതവും നിരാകരിക്കുന്ന ഒരു യുവതലമുറയും നമ്മുടെ കൺമുന്നിൽ വളർന്നുകൊണ്ടിരിക്കുന്നുണ്ട്. വൈവാഹികജീവിതം നയിക്കുന്നവർക്കിടയിൽ തന്നെ പല ശൈഥില്യങ്ങളും വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നുണ്ട്. നിരവധി ആത്മഹത്യകളും കൊലപാതകാലങ്ങളും ഉണ്ടാവുന്നതും കുടുംബകലഹങ്ങൾ മൂലമാണ്. അസ്ഥിരവും കലഹം നിറഞ്ഞതുമായ കുടുംബത്തിൽ വളർന്നുവരുന്ന കുഞ്ഞുങ്ങൾ ലഹരിയുടെയും സാമൂഹ്യവിരുദ്ധരുടെയും കെണിയിൽ പെട്ടുപോവുന്നു. ഇണകൾ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർ തമ്മിലുള്ള ബന്ധം നേർത്തുവരുകയാണ്. പല കുടുംബങ്ങളിലും അടക്കിപ്പിടിച്ച തേങ്ങലുകളും മുറുമുറുപ്പുകളാണ്‌ നിറയുന്നത്. അവരുടെ സന്തോഷങ്ങളും സൗഹൃദങ്ങളും വീടുകൾക്ക് പുറത്ത് മാത്രമായിഒതുങ്ങുന്നു. ഇവിടെയാണ് ഇബ്രാഹിം നബിയുടെ കുടുംബം ലോകത്തിനു മാതൃകയാവുന്നത്. ഉപാധികളില്ലാതെ പരസ്‌പരം താങ്ങും തണലുമായി ജീവിച്ച ദമ്പതികൾ ആയിരുന്നു ഇബ്രാഹിമും ഹാജറയും സാറയും. ദൈവാഭീഷ്ടപ്രകാരംബലിക്കല്ലിൽ ഇസ്മയിലിനെ കിടത്താൻ സാധിക്കുന്നത് പുത്രനും പിതാവും തമ്മിലുള്ള അങ്ങേയറ്റത്തെ സ്നേഹം കൊണ്ട് കൂടിയായിരുന്നു.

തനിക്ക് ചുറ്റുമുള്ളവരെ സ്നേഹിക്കാനും ജീവിതയാത്രയിൽ കാലിടറിപോയവരെ പിടിച്ചെഴുന്നേൽപ്പിക്കാനും ഓരോ പെരുന്നാളും നമ്മെ പ്രചോദിപ്പിക്കണം. ഈദുൽ അദ്ഹയോട് അനുബന്ധിച്ച് നടത്തുന്ന “ഉദ്ഹിയത്” (ബലി) എന്നത് മൗനഷ്യർക്കിടയിൽ ഉണ്ടാവേണ്ട സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും പ്രതീകമാണ്. വിശപ്പും ദാരിദ്ര്യവും നീക്കാനുള്ള ഒരു സമരം കൂടിയാണത്. ദൈവിക സമർപ്പണവും സഹജീവികളെ ചേർത്ത് പിടിക്കലുമാണത്. ഭക്ഷണം എന്നത് ആർഭാടത്തിന്റെയും ആഢ്യത്തത്തിന്റെയും കെട്ടുകാഴ്ചകളായി മാറിയ ഈ കാലത്ത് നമ്മിൽ പലർക്കും വിശപ്പ് അപരിചിതമായ അനുഭവമാണ്. പാചകവും ഭക്ഷ്യവിഭവങ്ങളും മത്സരവും വാട്സ്ആപ്പ് സ്റ്റാറ്റസുകളും എഫ്.ബി – ഇൻസ്റ്റ സ്റ്റോറികളും ആയി രൂപാന്തരം പ്രാപിച്ച വർത്തമാനകാലത്ത് വിശപ്പടക്കാൻ പ്രയാസപ്പെടുന്നവരെ ഓർക്കാനുള്ളതാണ് “ഉദ്ഹിയ്യത്ത്”.