മെർവിൻ കരുനാഗപ്പള്ളി
മസ്കറ്റ് : അറബിക്കടലിൽ രൂപം കൊണ്ട ക്യാർ ചുഴലിക്കാറ്റ് ശക്തികുറഞ്ഞതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ആണ് ലഭിക്കുന്നത്.വിവിധ ഇടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്.സൂർ, മസീറദീപ്, ദുഃഖം തുടങ്ങി ഒമാന്റെ തീര പ്രദേശങ്ങളിൽ കടല്‍ വെള്ളം ഇരച്ചുകയറുന്നതിനാല്‍ അതീവ ജാഗ്രതയാണ് അധികൃതർ പുലർത്തിയത്.ഒമാന്‍ കടലില്‍ രാത്രി മൂന്ന് മൂതല്‍ അഞ്ച് മീറ്റര്‍ വരെയാണ് തിരമാല പൊങ്ങിയത്. അറബിക്കടലില്‍ ഇത് ആറു മുതല്‍ എട്ടു മീറ്റര്‍ വരെയായിരുന്നു. മസ്കറ്റിലെ മത്രയിൽ തീരദേശ റോഡിൽ തിരമാലകൾ ആഞ്ഞടിച്ചതുമൂലം റോഡ് റോയല്‍ ഒമാന്‍ പൊലീസ് താൽക്കാലികമായി അടച്ചു.
ക്യാർ ചുഴലികാറ്റ് ആരംഭിച്ചപ്പോൾ കാറ്റഗറി 4 ആയിരുന്നു എങ്കിൽ ഇപ്പോൾ തീരത്തോട് അടുക്കുമ്പോൾ വേഗത കുറഞ്ഞു കാറ്റഗറി 1ലേക്ക് മാറിയിട്ടുണ്ട്,ഇപ്പോൾ സലാലയുടെ കടൽത്തീരത്തുകൂടെ യമനിലേക്ക് ആണ് കാറ്റിന്റെ ഗതി.ക്യാർ ചുഴലികാറ്റ് തീരും മുൻപുതന്നെ അറബിക്കടലിൽ കേരളത്തിന് 200കിലോമീറ്റർ പടിഞ്ഞാറ് പുതിയ ന്യുനമർദം രൂപംകൊണ്ടിട്ടുണ്ട്, കേരളത്തിൽ ഇതുസംബന്ധിച്ച ജാഗ്രതാ നിർദേശം ഇതിനോടകം നൽകിയിട്ടുണ്ട്.ഇത് സൂപ്പർ സൈക്ലോൺ ആയി ഒമാൻ തീരം ലക്ഷ്യമാക്കി നീങ്ങാൻ ആണ് സാധ്യത. നവംബർ രണ്ട് ,മൂന്ന് തീയതിയതികളിൽ ആയിരിക്കും മഹാ ചുഴലിക്കാറ്റ് ഒമാൻ തൊടാൻ സാധ്യത.നിലവിലെ കാറ്റിന്റെ ഗതി മാറുകയും ന്യൂനമർദത്തിന്റെ ശക്തികുറയും ചെയ്യുമെന്ന എന്നപ്രതീക്ഷയിൽ ആണ് കാലാവസ്ഥ നിരീക്ഷകർ.
എന്നാൽ ഇന്ത്യയിൽ അറബിക്കടലിൽ നിന്നുള്ള തീവ്രന്യൂനമർദം പിൻവാങ്ങുന്നതിനു പിന്നാലെ നവംബർ മൂന്നോടെ ബംഗാൾ ഉൾക്കടൽ കേന്ദ്രമാക്കി മറ്റൊരു ന്യൂനമർദത്തിനും മഴയ്ക്കും സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിപ്പ് നൽകി.എന്നാൽ ഈ ന്യൂനമർദം ആൻഡമാൻ തീരത്തോടു ചേർന്നു പോകുമെന്നതിനാൽ കേരളത്തെ അത്ര പെട്ടെന്നു ബാധിക്കില്ലെന്നാണ് ഇപ്പോഴത്തെ നിഗമനമെന്ന് കൊച്ചി റഡാർ ഗവേഷണകേന്ദ്രം അധികൃതർ പറഞ്ഞു. എന്നാൽ കാറ്റിന്റെ ഗതി മാറിയാൽ വീണ്ടും ശക്തമായ മഴയുണ്ടാകും. ഇടവപ്പാതി അവസാനിച്ചിട്ടും തുലാവർഷത്തിനിടെ ഒന്നിനു പിന്നാലെ ഒന്നായി ഉണ്ടാകുന്ന ന്യൂനമർദവും തുടർന്നുള്ള കനത്ത മഴയും കാറ്റും സംസ്ഥാനത്തെ കൃഷിമേഖലയിൽ ഉൾപ്പെടെ കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.