എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി എസ്. സി വഴി നടത്തുക : പ്രവാസി വെൽഫെയർ റിഫ സോണൽ സമ്മേളനം

മനാമ: കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി. എസ്. സി. വഴി നടത്തണമെന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ മത സാമുദായിക ജാതി രാഷ്ടീയ സംഘങ്ങൾക്ക് ഏറിയോ കുറഞ്ഞോ വിദ്യാഭ്യാസ മേഖലയിൽ പടർന്ന് പന്തലിച്ച് നില്ക്കുന്ന സ്ഥാപനങ്ങൾ ഉണ്ട് . അവരവർ പ്രതിനിധീകരിക്കുന്ന മത സാമുദായിക ജാതി സമൂഹങ്ങളുടെ പുരോഗതിയുടെ ഉന്നമനത്തിന്നും ശാക്തീകരണത്തിന്നും വേണ്ടിയാണ് എയ്ഡഡ് സ്ഥാപനങ്ങൾ സ്ഥാപിച്ചത് എങ്കിലും അതിന്റെ യഥാർത്ഥ ലക്ഷ്യം നേടിയിട്ടുണ്ടോ എന്നത് പുനരാലോചനകൾക്ക് വിധേയമാക്കേണ്ട കാര്യമാണ്.1957 ൽ ഐക്യ കേരളത്തിലെ ആദ്യ സർക്കാർ ആവിഷ്‌കരിച്ച കേരള വിദ്യാഭ്യാസ ബില്ലിലെ ഒരു പ്രധാന നിർദേശം സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരെ നിയമിക്കേണ്ടത് സർക്കാർ തയ്യാറാക്കുന്ന യോഗ്യരായ അധ്യാപക ഉദ്യോഗാർഥികളുടെ ലിസ്റ്റിൽനിന്നായിരിക്കണം എന്നതായിരുന്നു. 1972ലെ ഡയറക്ട് പേയ്മെൻറ് സിസ്റ്റം എന്ന കരാർ രൂപപ്പെട്ടശേഷം സർക്കാർ ശമ്പളം കൊടുക്കുകയും എന്നാൽ നിയമനാധികാരം പൂർണമായും മാനേജ്മെന്റുകൾ നടത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇതുവഴി സാമ്പത്തികമായ മുഴുവൻ ഭാരവും സർക്കാരുകളിൽ ചുമത്തുകയും നിയമനങ്ങളിൽ വമ്പൻ കോഴകൾ വാങ്ങി സ്വകാര്യ മാനേജ്മെൻ്റുകൾ തടിച്ച് കൊഴുക്കുകയുമാണ്. ന്യൂനപക്ഷവകാശങ്ങളുടെ പേരിൽ തങ്ങളുടെ സ്ഥാപനങ്ങളിലെ നിയമനങ്ങൾ കുത്തകയാക്കി വെച്ചിരിക്കുന്ന മാനേജ്‌മെന്റുകൾ യഥാർത്ഥത്തിൽ തങ്ങളുൾക്കൊള്ളുന്ന വിഭാഗങ്ങളിലെ സാമ്പത്തികമായി ദുർബലരായിട്ടുള്ളവരെ നിയമനകാര്യത്തിൽ അടുപ്പിക്കുന്നില്ലയെന്നതാണ് വാസ്തവം. എയ് ഡഡ്  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമൂഹ്യനീതിയും നിയമപരമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള സംവരണ മാനദണ്ഡങ്ങളും നിഷേധിച്ച് കോഴനിയമനം നടത്തി സർക്കാരിനെക്കൊണ്ട് ശമ്പളം കൊടുപ്പിക്കുന്ന എല്ലാ ജാതി സമുദായ വ്യക്തിഗത മാനേജ്മെന്റുകളും കാലം ആവശ്യപ്പെടുന്ന നൈതിക രീതിയിലേക്ക് മാറേണ്ടതുണ്ട്. നൂറ് ശതമാനവും പണം നൽകുന്നവർക്ക് മാത്രമാണ് ഇപ്പോൾ നിയമനം ലഭിക്കുന്നത്. അതിനൊരു മാറ്റം വരാനും മനേജ്മെന്റുകളുടെ ഈ രംഗത്തെ അഴിമതി ഇല്ലാതാകാനും, ശമ്പളം നൽകുന്ന സർക്കാർ തന്നെയാണ് നിയമനങ്ങൾ നടത്തേണ്ടത് എന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങൾ മാത്രമല്ല, പൊതുമേഖലയിലെയും സഹകരണ സ്ഥാപനങ്ങളിലെയും നിയമനങ്ങളും പി.എസ്.സിക്ക് വിടുകയും സർക്കാർ സർവ്വീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുകയും ചെയ്യുന്നതിലൂടെയാണ് സാമൂഹ്യനീതി പുലരുക എന്ന് ഫസലുർ റഹ്മാൻ മൂച്ചിക്കൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡന്റ് ആഷിക് എരുമേലി അധ്യക്ഷത വഹിച്ച പ്രവാസി വെൽഫെയർ റിഫ സോണൽ സമ്മേളനം പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ ഉൽഘാടനം ചെയ്തു. നമ്മുടെ രാഷ്ട്രീയ സാമൂഹ്യ ചരിത്ര സമീപനം എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം. മുഹമ്മദലിയും ക്ഷേമരാഷ്ട്രം എന്ന വിഷയത്തിൽ ഷിജിന ആഷിഖും സംസാരിച്ചു. പ്രവാസി വെൽഫെയർ റിഫ സോണൽ സെക്രട്ടറി എ. വൈ. ഹാഷിം സംഘടനാ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ നേതൃത്വം നൽകി. സുമയ്യ ഇർഷാദ് സ്വാഗതവും മുഹമമദ് അമീൻ നന്ദിയും പറഞ്ഞു