മനാമ: ബഹ്റൈനിൽ 350 ഇനം പുതിയ മരുന്നുകൾക്ക് അനുമതി നൽകിയതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു . ഇത് സംബന്ധിച്ചു നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മറിയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി . ഹൃദയരോഗം, എയ്ഡ്സ്, അർബുദം, വൃക്ക, ഹോർമോൺ ചികിത്സ തുടങ്ങിയവക്കടക്കമുള്ള പുതിയ മരുന്നുകൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത് . ഇതോടെ ബഹ്റൈനിൽ വിൽപനക്കും ഉപയോഗത്തിനും അനുമതിയുള്ള മരുന്നുകളുടെ എണ്ണം 3834 ആയി മാറി .2022 ൽ നിലവിലുള്ള മരുന്നുകളുടെ വീണ്ടും രജിസ്ട്രേഷൻ അടക്കം 5878 മരുന്നുകൾക്ക് അനുമതി തേടി അപേക്ഷ ലഭിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി . ഫാർമസിയുടെ എണ്ണത്തിൽ 2021 നെ അപേക്ഷിച്ചു നാലു ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത് . 38 പുതിയ ഫാര്മസികൾക്കു അനുമതി നൽകിയതായും അധികൃതർ അറിയിച്ചു.