ജി.സി.സി ഏകീകൃത ടൂറിസ്​റ്റ്​ വിസക്ക്​ അംഗീകാരം

ബഹ്‌റൈൻ ​: ജി.സി.സി രാജ്യങ്ങളിലെ ​ ഏകീകൃത ടൂറിസ്​റ്റ്​ വിസക്ക്​ ആഭ്യന്തരമന്ത്രിമാർ അംഗീകാരം നൽകി. മസ്കറ്റിൽ ചേർന്ന ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുട 40ാമത്​ യോഗത്തിലാണ്​ ഇത്​ സംബന്ധിച്ച്​ തീരുമാനമായത്.യോഗത്തിൽ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷതവഹിച്ചു.

ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ, യു.എ.ഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ശൈഖ്​ സായിഫ്​ സായിദ് അൽ നഹ്​യാൻ, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് സൗദ് അൽസൗദ്, ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ്​ ഖലീഫ ബിൻ ഹമദ് ആൽഥാനി, കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് എന്നിവർ പ​​ങ്കെടുത്തു. ഒരു വിസ കൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജി.സി.സി രാജ്യങ്ങളിലും സന്ദർശനം നടത്താൻ കഴിയുന്നതാണ്​ ഏകീകൃത ടൂറിസ്​റ്റ്​ വിസ പദ്ധതി. യോഗത്തിൽ ജി.സി.സി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും തുടക്കം കുറിച്ചു.
റോയൽ എയർപോർട്ടിൽ ജി.സി.സി മന്ത്രിമാർക്ക്​ നൽകിയ സ്വീകരണത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി എൻജിനിയർ ഖാലിദ് ഹിലാൽ അൽ ബുസൈദി, പോലീസ് ആൻഡ് കസ്റ്റംസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ മേജർ ജനറൽ അബ്ദുല്ല അലി അൽ ഹർത്തി, ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ജനറൽ സയ്യിദ് ഖലീഫ അൽ മർദാസ് അൽ ബുസൈദി, ജി.സി.സി രാജ്യങ്ങളുടെ അംബാസഡർമാർ, ഒമാൻ ആഭ്യന്തര മന്ത്രാലയത്തിലെയും റോയൽ ഒമാൻപോലീസ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.