ബഹ്റൈൻ : ഗ്രാമീണ നിഷ്കളങ്കതയെ മനോഹരമായി തന്റെ എഴുത്തിലൂടെ ആവിഷ്കരിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ജീവിതവേദിയിൽ നിന്നും വിടവാങ്ങി. മെഗാസ്റ്റാർ മമ്മൂട്ടി നായകന്റെയും പ്രതിനായകന്റെയും വേഷത്തിൽ തകർത്ത് അഭിനയിച്ച ” പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ” എന്ന സിനിമക്ക് ശേഷമായിരിക്കും ഒരു പക്ഷെ സാധാരണക്കാരായ മലയാളികളും ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ മനസിലാക്കിയത്. 1959ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ച ഇദ്ദേഹം തന്റെ വിദ്യാർത്ഥി ജീവിതകാലത്ത് തന്നെ എഴുതി തുടങ്ങിയിരുന്നു. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛന്റെ നാടായ പാലേരിയിലുമാണ് തന്റെ ബാല്യകാലം ചെലവിട്ടത്. “മാതൃഭൂമി” യാണ് ഇദ്ദേഹത്തിന്റെ ആദ്യനോവലായ പാലേരി മാണിക്യം കൊലക്കേസ് എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച ഈ നോവൽ 2009 ഡിസംബറിൽ ആണ് രഞ്ജിത്ത് സിനിമ ആക്കുന്നത്. അത് വരെ പ്രേക്ഷകർക്ക് പരിചയമില്ലാത്ത മമ്മൂട്ടിയുടെ ” മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി” എന്ന കഥാപാത്രം ഈ സിനിമയിലൂടെ ജനഹൃദയങ്ങളിൽ ചേക്കേറുകയുണ്ടായി. ഹാജിക്ക് പുറമെ ഹരിദാസ്, ഖാലിദ് അഹമ്മദ് എന്ന വേഷത്തിലും മമ്മൂട്ടി ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഒപ്പം മൈഥിലിയും, ശ്വേതാമേനോനും, സിദ്ധീഖും, ശ്രീനിവാസനും, അപ്പുണ്ണി ശശിയുമൊക്കെ മത്സരിച്ചഭനയിച്ച ചലച്ചിത്രം കൂടിയായിരുന്നു ഇത്. രാജീവന്റെ അച്ഛന്റെ നാടായ പാലേരിയുമായി ബന്ധപ്പെട്ട കഥാപരിസരമാണ് ഈ നോവലിന്റേത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പരിഗണനയിലെത്തിയ ആദ്യ കൊലപാതക കേസാണ് പാലേരിയിലെ മാണിക്യത്തിന്റെ കൊലപാതകം. ഈ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണം വികസിക്കുന്നതാണ് നോവലിന്റെ പ്രമേയം. സംഭവം നടന്ന ആ കാലത്തെയും ജീവിത രീതികളെയും നോവലിലൂടെ എഴുത്തുകാരൻ തന്റെ അനുഗ്രഹീത തൂലികയിലൂടെ പുനരാവിഷ്കരിക്കുന്നുണ്ട്. ആദ്യം ഈ നോവൽ ഇദ്ദേഹം എഴുതിയത് ” എ മിഡ് നൈറ്റ് മർഡർ സ്റ്റോറി” എന്ന പേരിൽഇഗ്ളീഷിലായിരുന്നു. പിന്നീടാണ് ഇത് മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്.ഇദ്ദേഹത്തിന്റെ എല്ലാ എഴുത്തുകളിലും താൻ കണ്ടു പരിചയിച്ചതും കേട്ടറിഞ്ഞതുമായ തീക്ഷ്ണമായ അനുഭവങ്ങൾ പേറുന്ന കഥാപാത്രങ്ങളെയാണ് നമുക്ക് അനുഭവിക്കാൻ കഴിയുക. അതിൽ കൂടുതലും ഗ്രാമീണ പരിസരത്തുള്ള പച്ചയായ ജീവിതങ്ങളായിരുന്നു എഴുത്തുകാരൻ വരച്ചു വെച്ചത്. അമ്മയുടെ നാടും പരിസരവും മുഖ്യമായി പ്രതിപാദിക്കപ്പെട്ട ഇദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയമായ നോവലാണ് “കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും” എന്നത് . 2014ലെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കാണ് ലഭിച്ചത്. ചെങ്ങോട്ടുമലയുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടൂർ എന്ന ഗ്രാമപ്രദേശത്ത് ഒരു മഹാ പ്രസ്ഥാനത്തിന്റെ അലയൊലികൾ ഉണർത്തിയ ചരിത്രം പറയുന്ന നോവലാണിത്. മാജിക്കല്‍ ഹിസ്റ്റ്റി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെയും കേരളത്തിന്റെയും സ്വാതന്ത്ര്യസമരപ്രസ്ത്ഥാനത്തിന്റെയും മനോഹരവും തീക്ഷ്ണവുമായ ക്യാന്‍വാസുകൾ ഈ നോവലിൽ വിടരുന്നത് അനുവാചകർക്ക് വായിച്ചെടുക്കാൻ കഴിയും. ഇതു റിയലാണോ,അണ്‍റിയലാണോ എന്നു സന്ദേഹിക്കും വിധം ബോധാബോധങ്ങളെ ഈ കൃതി സൂക്ഷ്മവിശകലനം ചെയ്യുന്നു. “എത്ര ഉയരത്തിലായാലും,നമ്മള് ഭൂമിയില്‍ തന്നെയാണ്. നമ്മള് നില്ക്കുന്ന ഇടമാണ് നമ്മുടെ ഭൂമിയും ആകാശവും. ആകാശം എത്തിപ്പിടിക്കാന്‍ മാത്രമല്ല നമ്മള് ഇങ്ങോട്ടുവന്നത്. ഇവിടെനിന്ന് നമ്മള് താഴോട്ടു നോക്കണം. നമ്മള് വന്ന ഇടത്തേക്ക്. അപ്പോഴേ എന്താണ് സ്വാതന്ത്ര്യം എന്ന് നമുക്ക് മനസിലാകൂ.’ കുഞ്ഞപ്പനായര്‍ എന്ന കഥാപാത്രം കിതച്ചുകൊണ്ട് ഈ നോവലിൽ പറയുന്നതായി കാണാം. ഇതിലൂടെ എഴുത്തുകാരന്റെ സ്വാതന്ത്രത്തെ കുറിച്ചുള്ള നിലപാടും വർത്തമാനകാല അധികാരികളുടെ അമിതാധികാര പ്രവണതയോടുള്ള പ്രതിഷേധത്തെയും മനസിലാക്കാൻ കഴിയും. വന്ന വഴികളും അനുഭവിച്ച പ്രയാസങ്ങളും പ്രശ്നങ്ങളും മറന്നു പോവുകയും ഇന്നിന്റെ സുഖാഡംബര പ്രമത്തതയിൽ അഭിരമിക്കുകയും ചെയ്യുന്ന യുവതലമുറക്കുള്ള പാഠങ്ങളും ഈ നോവൽ ഉൾക്കൊള്ളുന്നുണ്ട്. ഈ നോവലിന്റെ ഇഗ്ലീഷ് വിവർത്തനം (ദ് മാന്‍ ഹു ലേണ്‍ ടു ഫ്ലൈ, ബട്ട് കുഡ് നോട് ലാന്‍ഡ്) നിർവഹിച്ചത് മാധ്യമ പ്രവർത്തകനായ പി.ജെ.മാത്യുവാണ്. ഈ നോവലും സിനിമയാക്കിയത് രഞ്ജിത്ത് തന്നെയാണ്. ” ഞാൻ” എന്ന പേരിൽ ഇറങ്ങിയ ഈ സിനിമയിൽ ദുൽഖർ സൽമാൻ ആണ് മുഖ്യകഥാപാത്രമായി എത്തുന്നത്.മലയാളത്തെ ലോകഭാഷകളിലേക്ക് പരിചയപ്പെടുത്തുന്നതിൽ ഇദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. മാതൃഭാഷയിലും ആംഗലേയത്തിലും ഒരേ പോലെ എഴുതാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇദ്ദേഹം ഇംഗ്ളീഷിൽ എഴുതിയിരുന്നത്. ഹിന്ദുവിൽ മുമ്പ് സ്ഥിരമായി സാഹിത്യ നിരൂപണം നടത്തുന്ന കോളം കൈകാര്യം ചെയ്തിരുന്നത് ഇദ്ദേഹം ആയിരുന്നു. ഭാഷയുടെ അതിരുകൾ ഭേദിച്ച ഇദ്ദേഹത്തിന്റെ രചനകൾ ഇറ്റാലിയൻ, പോളിഷ്, ക്രൊയേഷ്യൻ, ബൾഗേറിയൻ, ഹീബ്രു, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവിയായിട്ടും കൂടിയാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 1999ൽ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ കുറുക്കൻ എന്ന കവിത കോഴിക്കോട് സർവകലാശാലയിൽ നടക്കുന്ന കൊള്ളരുതായ്മകളെ കുറിച്ചുള്ളതായിരുന്നു. ഈ കവിതയും ഇദ്ദേഹത്തിന്റെ മറ്റൊരു ലേഖനമായ ഉത്തരാധുനികതയുടെ സർവ്വകലാശാലാപരിസരം എന്ന ലേഖനവും വലിയ കോലാഹങ്ങളാണ് കേരളത്തിൽ ഉണ്ടാക്കിയത്. ഇത് കാരണം ഇദ്ദേഹത്തിന്റെ യൂണിവേഴ്സിറ്റി നിയമനം തടഞ്ഞു വെക്കപ്പെടുകയും ചെയ്തിരുന്നു. ഒടുവിൽ നീണ്ട നിയമയുദ്ധങ്ങൾക്ക് ശേഷമാണ് ഇദ്ദേഹത്തിനെ അധികൃതർ അവിടെ പി.ആർ.ഒ. ആയി നിയമിക്കുന്നത്. ജോലിയിൽ പ്രവേശിച്ചതിന് ശേഷവും ഇദ്ദേഹത്തിനെതിരെയുള്ള യൂണിവേഴ്സിറ്റി അധികൃതരുടെ ഉപദ്രവങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെയാണ് ഇദ്ദേഹം മറികടന്നത്.കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് പുറമെ യുവകവികൾക്ക് നല്കുന്ന വി.ടി.കുമാരൻ പുരസ്കാരവും 2008-ലെ ലെടിഗ് ഹൌസ് ഫെല്ലോഷിപ്പും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.വാതിൽ, രാഷ്ട്രതന്ത്രം , കോരിത്തരിച്ച നാൾ , പ്രണയശതകം (കവിതാ സമാഹാരങ്ങൾ) , പുറപ്പെട്ടു പോകുന്ന വാക്ക് (യാത്രാ വിവരണം) , അതേ ആകാശം അതേ ഭൂമി (ലേഖനസമാഹാരം), തുടങ്ങിയവയും ഇദ്ദേഹത്തിന്റെ മലയാളത്തിലുള്ള ശ്രദ്ധേയമായ രചനകളാണ്.