ഓരോ മലയാളിക്കും ഒത്തിരി ഗൃഹാതുരതമായ ഓർമ്മകൾ മനസ്സിൽ തുയിലുണർത്തുന്ന ഒരാഘോഷമാണ് വിഷു. പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും അങ്ങിങ്ങായി പൊട്ടുന്ന പടക്കങ്ങളുടെ ശബ്ദവും ഇന്ന് കാലഹരണപ്പെട്ടുപോയ വിഷുപ്പക്ഷിയുടെ പാട്ടും വിഷുക്കാലത്തിന്റെ ആഗമനമറിയിച്ചു കൊണ്ടുള്ള ഉണർത്തുപാട്ടുകളാണ്. നമ്മുടെ ഗ്രാമീണ ഭംഗിയിലേക്കും കേരളത്തിന്റെ മഹത്തായ കാർഷിക പാരമ്പര്യത്തിന്റെ ഓർമ്മകളിലേക്കുമാണ് ഓരോ വിഷുവും നമ്മെ കൈ പിടിച്ചാനയിക്കുന്നത്. വിഷുക്കാലത്ത് പാടവരമ്പിലും തൊടിയിലും കറങ്ങിനടന്ന് കശുവണ്ടി ശേഖരിക്കുകയും അത് കടയിൽ കൊടുത്തു കാശാക്കി പടക്കവും പൂത്തിരിയും മത്താപ്പും വാങ്ങി വരുന്ന ബാല്യത്തെ ഇന്നത്തെ തലമുറക്ക് കേട്ടുകേൾവി പോലുമുണ്ടാവുകയില്ല. അംബരചുംബികളായ സൗധങ്ങളും അതിനു ചുറ്റും കോട്ടസമാനമായ മതിലും പടുകൂറ്റൻ ഗെയിറ്റും പണിതുയർത്തി തങ്ങളുടെ ജീവിതങ്ങളെ അതിനുള്ളിൽ മാത്രം തളച്ചിടുന്ന പുതിയ കാലത്ത് ബാല്യങ്ങൾക്കാണ് നഷ്ടങ്ങളേറെയും.
നമ്മുടെ നാട് ഇന്നേറെ മാറിപ്പോയിരിക്കുന്നുണ്ട് . “തിരുവാതിരയിൽ തിരി മുറിയാതെ” , “ചോതി പെയ്താൽ ചോറുറച്ചു”, പുണർതം പുകഞ്ഞ പോലെ” തുടങ്ങിയ പഴഞ്ചൊല്ലുകൾ നമ്മുടെ കാലാവസ്ഥയുടെയും പ്രകൃതി സന്ദര്യത്തിന്റെയും പ്രതീകങ്ങൾ കൂടിയായിരുന്നു. എങ്ങും സുലഭമായിരുന്ന നീർത്തടങ്ങളും ഉറവകളും ഇന്നെവിടെയും കാണാൻ സാധ്യമല്ല. ഉള്ളത് തന്നെ ചപ്പും ചളിയും നിറഞ്ഞു വൃത്തിഹീനമായിരിക്കുന്നു. മുമ്പൊരിക്കലുമില്ലാത്ത ചൂട് ഭൂമിയെ ചുട്ടു പൊള്ളിക്കുന്നു.ഓണവും വിഷുവും മലയാളിയുടെ രണ്ടു കാർഷികോത്സവങ്ങളും കൂടിയാണ്. വിഷു കാർഷിക വർഷാരംഭവും ഓണം കൊല്ലവർഷാരംഭവുമാണ്. കാർഷിക വൃത്തിയിലൂടെ ലളിത ജീവിതം നയിച്ചിരുന്ന മലയാളി ഇന്നാകെ മാറിപോയിട്ടുണ്ട്. വിഷുവിനു വിത്തുകൾ വിതക്കുന്നതും ഓണത്തിന് അതിന്റെ വിളവെടുപ്പ് നടത്തുന്നതുമൊക്കെ ഓർമ്മകൾ മാത്രമാണിന്ന്. വിഷുവിനെ കുറിച്ചു പല ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അതിലൊന്നാണ് ശ്രീ കൃഷ്ണൻ നരകാസുരനെ വധിച്ചതുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യം. ക്രൂരനും ഏകാധിപതിയുമായ നരകാസുരൻ പാവങ്ങളെ അകാരണമായി അക്രമിച്ചു കൊന്നൊടുക്കുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. അഹങ്കാരിയും മഹാ ശക്തനുമായ നരകാസുരന്റെ ശല്യവും ഉപദ്രവവും വർധിച്ചപ്പോൾ കൃഷ്ണനും സത്യഭാമയും ഗരുഡന്റെ കൂടെ നരകാസുരന്റെ രാജ്യമായ പ്രാഗ് ജോതിഷത്തിലേക്ക് പോയി. അവിടെ വെച്ച് അവർ നരകാസുരനുമായി ഘോരയുദ്ധത്തിൽ ഏർപ്പെടുകയും നരകാസുരനെ വധിക്കുകയും ചെയ്തു. ഈ വധം നടക്കുന്നത് വസന്തകാലാരംഭത്തിലായിരുന്നുവത്രേ . ഈ ദിനമാണ് വിഷുവായി ആഘോഷിക്കപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. മറ്റൊരു ഐതിഹ്യം രാമായണത്തിലെ രാവണനുമായി ബന്ധപ്പെട്ടതാണ്. ഉറങ്ങുമ്പോൾ തന്റെ മുഖത്തേക്ക് സൂര്യോദയ സമയത്തെ വെയിൽ അടിച്ചപ്പോൾ അതിൽ ക്ഷുഭിതനായ രാവണൻ പിന്നീട് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. ശ്രീ രാമനുമായുള്ള യുദ്ധത്തിൽ രാവണൻ വധിക്കപ്പെട്ടതിനെ തുടർന്നാണ് സൂര്യൻ നേരെ ഉദിക്കാൻ തുടങ്ങിയത്. ഈ സന്തോഷ സൂചകമായിട്ടാണ് വിഷു ആഘോഷിക്കപ്പെടുന്നതെന്നതാണത്. വിഷുവിന്റെ തലേന്ന് വീട്ടുപരിസരത്തുള്ള ചപ്പുചവറുകളൊക്കെ കൂട്ടിയിട്ട് കത്തിക്കുന്ന പതിവ് ഇന്നും നാട്ടിൽ പലയിടത്തും കാണാം. ഇത് ശ്രീരാമന്റെ രാവണവധത്തിന് ശേഷം നടന്ന ലങ്കാദഹനവുമായി ബന്ധപ്പെട്ടതാണെന്ന് ചിലരൊക്കെ വിശ്വസിക്കുന്നു.
ഈ രണ്ടു ഐതീഹ്യങ്ങളുടെയും സന്ദേശം തിന്മകൾക്കെതിരെയുള്ള സമരവും മർദിതരുടെ വിമോചനത്തിനായുള്ള പോരാട്ടവുമാണ്. എന്നാൽ ഇന്നത്തെ കാലത്ത് രാമന്റെയും കൃഷ്ണന്റെയും പേരിലുള്ള പല ആഘോഷങ്ങളും ഇതര മതങ്ങളെയും മതസ്ഥരെയും അവഹേളിക്കാനും അക്രമിക്കാനുമുള്ള അവസരമായിട്ടാണ് ചിലർ കുബുദ്ധികൾ ഉപയോഗപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ രാമനവമിയുമായി ബന്ധപ്പെട്ട് പലയിടത്തും പൊട്ടിപ്പുറപ്പെട്ട ഏകപക്ഷീയമായ അക്രമണങ്ങൾ ദേശീയ – അന്തർദേശീയ തലങ്ങളിൽ വലിയ ചർച്ച ആയിരുന്നുവല്ലോ. മതത്തെ വെറുപ്പുൽപാദനകേന്ദ്രമായി കേന്ദ്രമായി കരുതുന്ന ചില തൽപരകാക്ഷികളാണ് ഇതിനു പിന്നിൽ. സാക്ഷാൽ ശ്രീ രാമനും ശ്രീ കൃഷ്ണനും പഠിപ്പിക്കുന്നത് മനുഷ്യസാഹോദര്യവും പരസ്പരമുള്ള സ്നേഹവുമാണ്.
ഐതിഹ്യങ്ങൾക്കപ്പുറം ഒരുപാട് നന്മകളിലേക്കും അതിലേറെ പ്രതീക്ഷകളിലേക്കുമാണ് വിഷു നമ്മെ പ്രചോദിപ്പിക്കേണ്ടത്. രാത്രിയൊരുക്കിവെക്കുന്ന കണി പുലർച്ചെ കണ്ണ് നിറയെ കണ്ടു കൊണ്ടാണല്ലോ വിഷു ആരംഭിക്കുന്നത്. തേച്ചു മിനുക്കിയ ഓട്ടുരുളിയിൽ ദീപത്തെ സാക്ഷിയാക്കിയാണ് കണി ഒരുക്കുന്നത്. താംബൂലം, എട്ടു തരം ധാന്യങ്ങൾ, കുങ്കുമം, ഗ്രന്ഥം, കണ്ണാടി, വസ്ത്രങ്ങൾ, വെറ്റിലയും അടയ്ക്കയും, കണിക്കൊന്ന, പച്ചമാങ്ങ, നാളികേരം, അണ്ടിപ്പരിപ്പ്, ചക്ക, കൈത ചക്ക, ഏത്തപ്പഴം, കണിവെള്ളരി, പച്ചക്കറികൾ, ആഭരണങ്ങൾ, വെള്ളം നിറച്ച കിണ്ടി, നിറ പറ, മധുരം തുടങ്ങിയവയൊക്കെയാണ് കണിയിൽ ഒരുക്കിവെക്കുന്നത്. ഇതിലൂടെ സമ്പത്സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു വർഷം ലഭിക്കണമെന്ന ആഗ്രഹവും പ്രതീക്ഷയുമാണ് കണി കാണുന്നവർക്ക് ലഭിക്കുന്നത്.
കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമുക്ക് ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും ലഭിക്കുകയില്ല. നമ്മുടെ കാർഷിക പാരമ്പര്യത്തിലേക്കും പ്രകൃതിയെ പരിഗണിക്കുന്ന ജീവിത ശൈലിയിലേക്കും നാം മാറിയേ തീരൂ. മണ്ണിനെയും മനുഷ്യനെയും ആകാശത്തെയും ഭൂമിയെയും ഒരു പോലെ സ്നേഹിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. രാസവളം ഇട്ട് വിളയിച്ചെടുക്കുന്ന പച്ചക്കറികളും പഴങ്ങളുമാണിന്ന് മലയാളികളിലേറെ പേരും ഭക്ഷിച്ചുകൊണ്ടിരിക്കുന്നത്. പണ്ടൊക്കെ ഏത് വീട്ടുവളപ്പിലും പലതരത്തിലുള്ള കൃഷികൾ ഉണ്ടാവാറുണ്ടായിരുന്നു. അന്നന്നത്തെക്ക് ആവശ്യമായ പച്ചക്കറികളും പഴങ്ങളും പറമ്പിൽ നിന്നും പറിച്ചെടുത്ത് പാചകം ചെയ്തിരുന്ന ഒരു കാലവും നമുക്കുണ്ടായിരുന്നു. ഇന്നതൊക്കെ അന്യം നിന്നുപോയിരിക്കുകയാണ്. കേൻസർപോലെയുള്ള മാരകരോഗങ്ങൾ ഇന്ന് സർവ സാധാരണമായിരിക്കുന്നു. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഭക്ഷണത്തിലൂടെയുള്ള വിഷബാധയെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ജീവിതശൈലീ രോഗങ്ങളും ഇന്ന് സാർവത്രികമാണ്. വയലിൽ അത്യധ്വാനം ചെയ്തിരുന്ന നമ്മുടെ പൂർവികർ ഇന്ന് കെട്ടുകഥകളായിട്ടാണ് പുതിയ തലമുറ കേൾക്കുന്നത്. കൈക്കോട്ടും പടന്നയുമൊക്കെ ഇന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് ആത്മ നിർവൃതി അടയുകയാണ് പുതിയ കാലത്തെ മലയാളി.ഏത് വറുതിയിലും നാളെയെ കുറിച്ചുള്ള സുന്ദരമായ പ്രതീക്ഷകൾ വിഷു നമുക്ക് നൽകുന്നുണ്ട്. ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും സ്വാഭാവികമാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്തും ഉണ്ടാക്കിയെടുക്കണം. ഒരു വാതിൽ അടയുമ്പോൾ മറ്റു വാതിലുകൾ നമുക്കായി തുറക്കപ്പെടുമെന്നുള്ള ചിന്തയാണ് എപ്പോഴും ഉണ്ടാവേണ്ടത്. നിസാരമായ കാരണങ്ങൾ കൊണ്ട് ആത്മഹത്യയിലേക്ക് നടന്നടുക്കുന്നവരുടെ എണ്ണം മലയാളി കൾക്കിടയിൽ ഭീകരമായ രീതിയിലാണ് വർധിക്കുന്നത്. പ്രവാസലോകത്തും ആത്മഹത്യ വല്ലാതെകൂടുന്നുണ്ട്. ജീവിതത്തെ നേരിടാൻ ധൈര്യമില്ലാത്ത ഭീരുക്കളാണ് യഥാർത്ഥത്തിൽ ആത്മഹത്യയുടെ വഴി തെരഞ്ഞടുക്കുന്നത്.
എല്ലാ ആഘോഷങ്ങളും സഹജീവികളെ കൂടി ചേർത്തുപിടിച്ചു കൊണ്ടായിരിക്കണം. ഇല്ലാത്തവനെ ഊട്ടാനും അവന്റെ പ്രശ്നങ്ങളെ കേൾക്കാനും നമുക്ക് ഓരോ ആഘോഷ അവസരങ്ങളും പ്രചോദനമാവണം. വിഷുവിനു നൽകപ്പെടുന്ന കൈനീട്ടം ഈ കൊടുക്കലിനെയാണ് സൂചിപ്പിക്കുന്നത്. തന്റെ പ്രയാസങ്ങൾക്കിടയിലും മറ്റുള്ളവർക്ക് നൽകാനുള്ള മനസിനെയാണ് അത് പ്രതിനിധീകരിക്കുന്നത്.
എല്ലാവര്ക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആശംസകൾ