ആഘോഷങ്ങൾ സൗഹൃദങ്ങളുടെ പൂക്കാലമാവട്ടെ

ജമാൽ ഇരിങ്ങൽ

ഓണം മലയാളിക്ക് ഗൃഹാതുരതകളുടെ നറുമണം വിതറുന്ന സുഖമുള്ളൊരു ഓർമ്മയാണ്. പാടത്തും പറമ്പിലും പൂത്തുലഞ്ഞു നിൽക്കുന്ന തുമ്പയും തെച്ചിയും മറ്റനവധി പൂക്കളും. ആ പൂക്കളിലേക്ക് മധു നുകരാൻ പറന്നെത്തുന്ന പൂത്തുമ്പികളും ചിത്രശലഭങ്ങളും. നാട്ടിടവഴികളിലൂടെ പൂക്കൾ ശേഖരിക്കാൻ കൂട്ടുകാരുമായി കഥകൾ പറഞ്ഞുഉം ഓണപ്പരീക്ഷകളുടെ വിശേഷം പങ്ക് വെച്ചും ഓടിയും ചാടിയും നടക്കുന്ന കുട്ടിക്കൂട്ടം. അവരുടെ ആരവങ്ങളും കളിചിരിയും കൊണ്ട് നാടാകെ ശബ്ദമുഖരിതമാവും. തൊടിയിലെ മാവിലേക്കും മരങ്ങളിലേക്കും കേറിപോവുന്ന വിരുതന്മാരുടെ അഭ്യാസപ്രകടനങ്ങൾ ചിലപ്പോൾ അവരുടെ കയ്യോ കാലോ പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുള്ള അലങ്കാരങ്ങൾക്ക് വഴി മാറും. . തോട്ടിലിറങ്ങിയുള്ള പരൽമീൻ വേട്ടക്കിടയിൽ കുഞ്ഞുടുപ്പ് നനഞ്ഞു എന്ന് പറഞ്ഞു കിണുങ്ങുന്ന പെങ്ങളൂട്ടി. ബാല്യത്തിലെ ആ ആഘോഷവും ആരവവും നനുത്ത ഓർമ്മകളായി ഏതൊരു മലയാളിയുടെ മനസിലും ഇന്നും പച്ചപിടിച്ചു കിടക്കുന്നുണ്ടാവും. ഏതാണ്ടെല്ലാ ആഘോഷങ്ങളും ഒരുവേള പൂർണമായും ആഘോഷിക്കുന്നത് കുട്ടികൾ തന്നെയാണല്ലോ. അന്ന് കിട്ടിയ പുത്തനുടുപ്പിന്റെ ഹൃദയഹാരിയായ സുഗന്ധം ഇപ്പോഴും പലരുടെയും നാസാരന്ധ്രങ്ങളിൽ തങ്ങി നിൽക്കുന്നുണ്ടാവും.

ഓണത്തിന്റെ പ്രധാന ഇനങ്ങളിൽ പെട്ടതാണ് സദ്യ എന്നത്. നാട്ടിലും വിദേശത്തും വെച്ച് പലയിടങ്ങളിൽ നിന്നായി വിവിധ രീതികളിലുള്ള ഓണസദ്യകൾ നമ്മൾ കഴിച്ചുകൊണ്ടിരിക്കുന്നുണ്ട്. എങ്കിലും കുട്ടിക്കാലത്തെ ഓണസദ്യയുടെ സ്വാദ് നമുക്കൊരിക്കലും മറക്കാൻ കഴിയുകയില്ല. നിലവിൽ പല രീതിയിലുള്ള സദ്യകളുണ്ട്. കേരളത്തിൽ തന്നെ മലബാറിലും തിരുവിതാകൂറിലും വടക്കേ മലബാറിലുമൊക്കെ സദ്യ തയ്യാറാക്കുന്നതും വിളമ്പുന്നതും വിവിധ ശൈലികളിലും രീതികളിലുമാണ്. സംസ്‌കൃതത്തിൽ സഗ്ധി എന്നൊരു വാക്കുണ്ട്. “ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പമുള്ള മഹാഭോജനം” എന്നാണ് ആ വാക്കിന്റെ അർഥം. ഇതിൽ നിന്നാണ് സദ്യ എന്ന മലയാളവാക്കിന്റെ ഉത്ഭവം എന്നും പറയപ്പെടുന്നു. തിരുവിതാംകൂറിൽ വിളമ്പിയിരുന്ന 15 കൂട്ടം വിഭവങ്ങള്‍ ഉൾക്കൊള്ളുന്ന സദ്യയാണ് യഥാർത്ഥ വിധിപ്രകാരമുള്ള സദ്യ എന്ന് കരുതപ്പെടുന്നു. ഓണത്തിന് പുറമെ വിഷു, വിവാഹം, മറ്റു വിശേഷാവസരങ്ങളിലും സദ്യ വിളമ്പാറുണ്ട്. മലബാറിൽ ചിലയിടത്ത് സദ്യയിൽ മൽസ്യമാംസാദികളും വിളമ്പാറുണ്ട്. ചിലയിടങ്ങളിൽ സദ്യയില്‍ 26 ലധികം വിഭവങ്ങളുണ്ടായിരിക്കും. പായ നിലത്തു വിരിച്ച് തുശനിലയില്‍ വേണം, ഓണസദ്യയുണ്ണാന്‍. തൂശനിലയുടെ കൂര്‍ത്ത ഭാഗം ഇരിയ്ക്കുന്നയാളുടെ ഇടതു ഭാഗത്തു വരണം. ഓരോരോ വിഭവങ്ങള്‍ ഇലയുടെ ഓരോ ഇടങ്ങളില്‍ വേണം, വിളമ്പാന്‍. സാമ്പാർ, നെയ്യ്, പരിപ്പ്, കായ വറുത്തത്, ശർക്കര വരട്ടി, അച്ചാർ , ഇഞ്ചിപ്പുളി, പഴം, പപ്പടം, പായസം, പച്ചടി, കിച്ചടി, അവിയൽ, തോരൻ, കാളൻ, ഓലൻ, കൂട്ടുകറി, പുളിശ്ശേരി, മോര്, രസം തുടങ്ങിയവയൊക്കെ കൂട്ടിയുള്ള സദ്യ ഇന്ന് സാധാരണമാണെങ്കിലും പണ്ടുകാലങ്ങളിൽ പലർക്കും ഇതൊന്നും അനുഭവവേദ്യമായിരുന്നില്ല.

കർക്കടകത്തിലെ പേമാരിയിൽ വേലയും കൂലിയുമില്ലാതെ മിക്ക വീടുകളിലും അരപ്പട്ടിണിയും മുഴുപ്പട്ടിണിയും ആയിരിക്കും. ചിലരൊക്കെ തങ്ങളുടെ കൂരക്കുള്ളിൽ വാട്ടക്കപ്പയും മധുരമിടാത്ത കടുംകാപ്പിയും കഴിച്ചായിരിക്കും ആ പഞ്ഞനാളുകൾ തള്ളിനീക്കുക . ചിങ്ങം പുലരുമ്പോഴാണ് ആകാശത്ത് നിന്നും കാറുകൾ നീങ്ങി അല്പമൊന്ന് തെളിച്ചമുണ്ടാവുക. അത്തം പത്തിന് മുമ്പ് പുറത്തിറങ്ങി എന്തെങ്കിലും പണിയെടുത്ത് ഓണം ആഘോഷിക്കാനുള്ള തത്രപ്പാടിലായിരിക്കും പലരും. “കാണം വിറ്റും ഓണം ഉണ്ണണം” എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. ഇന്ന് കാലം ഏറെ മാറി, പട്ടിണിയും ദാരിദ്ര്യവും പോയി മിക്ക വീടുകളിലും ഐശ്യര്യവും സമൃദ്ധിയും വന്നു. കാശുള്ളവനും ഇല്ലാത്തവനും പൊങ്ങച്ചത്തിന്റെയും ആർഭാടത്തിന്റെയും പുറകെ കൂടി. ആഘോഷങ്ങൾ പലപ്പോഴും അതിരുവിടുന്ന ആഭാസങ്ങളുമായി. കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം വിൽക്കപ്പെടുന്ന സന്ദർഭം കൂടിയായി പുതിയ ഓണക്കാലംമാറി എന്നത് വല്ലാതെ വേദനയുളവാക്കുന്ന ഒരു കാര്യം കൂടിയാണ്.

ഓണത്തിന്റെ സാമൂഹികപരതയും രാഷ്ട്രീയവും

———————————————————————————

ഓണത്തിന്റെ ചില ചടങ്ങുകളും മറ്റും കേരളത്തിലെ വരേണ്യവർഗ്ഗത്തിന്റെ ആഘോഷമായി വിലയിരുത്തപ്പെടുന്നുണ്ട്. ഒരു കാലത്ത് നായർതറവാടുകളിൽ മാത്രം കണ്ടുവന്നിരുന്ന കസവു നേര്യതും, സ്വര്‍ണ്ണക്കരയുള്ള അണ്‍ബ്ലീച്ച്ഡ് മുണ്ടും, തിരുവാതിരകളിയും ഇന്ന് മുഴുവൻ മലയാളികളുടേതുമാക്കി മാറ്റുകയാണ് ഓണത്തിൽ സംഭവിക്കുന്നതെന്നാണ് ചിലരുടെ വാദം. സ്ത്രീ ശരീരത്തിന്റെ ലാസ്യത ആവശ്യപ്പെടുന്നതും അവരുടെ ശരീരസൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നതുമായ ഈ ആഘോഷപരിപാടികള്‍ തികച്ചും പുരുഷാധിപത്യപരവുമാവുന്നുണ്ട് പലപ്പോഴും. ഇറച്ചിയും മീനും കൂട്ടി ഊണുകഴിക്കുന്ന മലയാളി ഓണത്തിനു മാത്രം പച്ചക്കറി സദ്യ കേരളീയ ഭക്ഷണമെന്ന പേരില്‍ അവതരിപ്പിക്കുന്നത് വിപണിയുടെ കച്ചവടതാല്പര്യം കൂടി കണക്കിലെടുത്താണ്.

വിപണിയുടെ തീരുമാനങ്ങളും തിട്ടൂരങ്ങളുമാണ് ഇന്ന് ഏതാണ്ടെല്ലാ ആഘോഷങ്ങളെയുംനിയന്ത്രിക്കുന്നത്. ഗൃഹോപകരണങ്ങളുടെ വില്പനശാലകളിൽ അസാധാരണമായ തിരക്കുകൾ അനുഭവപ്പെടുന്നതും ഓണക്കാലത്താണല്ലോ. ടി.വിയും, റെഫ്രിജറേറ്ററും, വാഷിങ്ങ് മെഷീനും, മിക്സിയും തുടങ്ങി ഉപഭോഗസംസ്കാരത്തിന്റെ സകല ഉൽപ്പന്നങ്ങളും വിറ്റഴിക്കപ്പെടുന്നത് ചുമലിൽ ഓലക്കുട പിടിച്ചു നിൽക്കുന്ന മഹാബലിയുടെ ഫോട്ടോ വെച്ച പരസ്യത്തിലൂടെയാണ് എന്നത് വലിയൊരു തമാശയാണ്. കേരളത്തിൽ നിന്നും ഇറങ്ങുന്ന പത്രങ്ങളുടെയും വാരികകളുടെയും മാസികകളുടെയും ഓണപ്പതിപ്പുകളിൽ സാഹിത്യ രചനകളെക്കാൾ പരസ്യങ്ങൾക്കാണ് നിലവിൽ പ്രാമുഖ്യം കൂടുതൽ. ഒരു കാലത്ത് മികച്ച സാഹിത്യ പതിപ്പുകളായിരുന്ന ഓണപ്പതിപ്പുകൾ ഇന്ന് വിപണിയുടെ കെട്ടുകാഴ്ചകളായിട്ട് കാലം കുറച്ചായി.

ഇൻസ്റ്റ സദ്യയും, പൂക്കളവും ഇന്ന് ഓൺലൈനായി ഓർഡർ കൊടുത്താൽ വീട്ടുമുറ്റത്തെത്തും. വിഭവ സമൃദ്ധമായ സദ്യയുണ്ടാക്കാൻ പണ്ടൊക്കെ വലിയ തറവാടുകളിൽ മാസങ്ങൾ നീണ്ടു നിൽക്കുന്ന ഒരുക്കങ്ങളായിരുന്നു. സദ്യ കഴിഞ്ഞു മുതിർന്നവർ ഉമ്മറക്കോലായയിലിരുന്ന് വിസ്തരിച്ചു മുറുക്കുകയും കുട്ടികൾ ഊഞ്ഞ്ആൽ ആടുകയും സ്ത്രീകളുടെ കൈകൊട്ടിക്കളിയും കുമ്മിയടിയും ടെലിവിഷൻ ചാനലുകളിലും പ്രവാസ ലോകത്തും മാത്രമായി ചുരുങ്ങിയിട്ട് കാലം ഏറെയായി.

ഓണം കേരളത്തിന്റെ പൊതു ആഘോഷമാണെന്ന നടപ്പുവിചാരത്തെ തള്ളിക്കൊണ്ടുള്ള ചര്‍ച്ച കുറച്ചു വർഷങ്ങളായി ചില കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. അസുരചക്രവര്‍ത്തിയായ മഹാബലിയല്ല, വിഷ്ണുവിന്റെ അവതാരമായ വാമനനെയാണ് ആരാധിക്കേണ്ടതെന്നും വാമനജയന്തിയായാണ് ഓണം ആചരിക്കേണ്ടതെന്നുമാണ് മനു വാദക്കാരായ ചില വെറുപ്പുൽപാദകരുടെ നിലപാട്. കേരളത്തിന്റെ തനത് ദേശീയ ബോധത്തിന്റെ പുറത്തുകടന്ന്, മനുവൽകൃത ദേശീയതാബോധത്തിലേക്ക് ഓണത്തെ മാറ്റിപ്പണിയാനാണ് ഇവരുടെ ശ്രമം. എന്നും വെറുപ്പിന്റെ പ്രചാരണം ഏറ്റെടുത്ത ഇവരുടെ ഈ ശ്രമം എളുപ്പത്തിലൊന്നും കേരളത്തിൽ നടപ്പിലാക്കാൻ കഴിയുകയില്ല എന്നത് മറ്റൊരു കാര്യം.

എന്തായാലും ഓണത്തിന്റെ ചില മൂല്യങ്ങൾ ഇന്ന് ഏറെ പ്രസക്തമാണ്. അതിലൊന്ന് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങളാണ്. ”ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.” എന്ന നാരായണഗുരുവിന്റെ വാചകവും ”മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ” എന്നതും ഇന്ന് കൂടുതൽ കരുത്തോടെ ഓരോ കേരളീയനും ഉച്ചത്തിൽ പാടി ഉറപ്പിക്കേണ്ടതുണ്ട്. പലതിന്റെയും പേരിൽ മനുഷ്യർക്കിടയിൽ ബോധപൂർ വമുള്ള വേലിക്കെട്ടുകൾ പണിയാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് പല താല്പര്യക്കാരും. ഇത്തരം താല്പര്യക്കാരുടെ നെറുംതലക്കുള്ള ഓരോ ഇടികളായി ഈ പാട്ടിന്റെ ഈരടികൾ വികസിക്കേണ്ടതുണ്ട്. ആഘോഷങ്ങൾ പലതും പലരും കയ്യടക്കിവെച്ചിരിക്കുകയാണ്. മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകളിൽ നിന്നും നമുക്ക് പുറത്തുകടക്കാൻ സാധിക്കണം. ആഘോഷങ്ങൾ അപരനെ അറിയാനും ചേർത്ത് പിടിക്കാനുമുള്ള അവസരങ്ങൾ ആക്കിമാറ്റുമ്പോഴാണ് അതിന് കൂടുതൽ സൗന്ദര്യവും പശിമയും ഉണ്ടാവുക. ജീവിതത്തിന്റെ പരക്കം പാച്ചിലിൽ പകുതിയിടങ്ങളിൽ വെച്ച് വീണുപോയവരും നമുക്ക് ചുറ്റുമുണ്ട്. അവരുടെ ജീവിതത്തിൽ നിറങ്ങളോ പകിട്ടുകളോ ഇല്ല. അവരുടെ കൂരകളിൽ ഓരോ ആഘോഷാവസരങ്ങളും നെടുവീർപ്പുകളുടെയും കണ്ണീരിന്റെയും കാലം കൂടിയാണ്. അങ്ങിനെയുള്ളവരെയും ഓർക്കാനും കൂടെ കൂട്ടാനുമുള്ളതാവണം ഇത്തരം സന്ദർഭങ്ങൾ. അവരുടെ ജീവിതവും കളറാക്കാൻ നമുക്ക് സാധിക്കണം. വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് ജീവിതം തന്നെ ചോദ്യചിഹ്നമായി മാറിയ ആയിരക്കണക്കിന് മനുഷ്യരെയും കൂടി ഓർത്ത്കൊണ്ടായിരിക്കണം ഇത്തവണത്തെ ഓണാഘോഷം.

എല്ലാവർക്കും ഏറെ സന്തോഷത്തോടെയുള്ള ഓണാശംസകൾ.