ഷാർജ∙ 1984ൽ ആദ്യ ഏഷ്യാകപ്പിന് വേദിയായ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം വീണ്ടും ഏഷ്യാകപ്പിനെ വരവേൽക്കാനൊരുങ്ങുന്നു. നാലു മത്സരങ്ങളാണ് ഇത്തവണ ഷാർജ സ്റ്റേഡിയത്തിൽ നടക്കുന്നത്. വിഐപി സ്യൂട്ടുകളും അത്യാധുനിക റോയൽ സ്യൂട്ടുകളും ഉൾപ്പെടെ സ്റ്റേഡിയത്തിന്റെ നവീകരണം സംബന്ധിച്ച് കഴിഞ്ഞ വർഷം പ്രഖ്യാപനം നടത്തിയിരുന്നു.ഷാർജയിൽ 1984ൽ ഏഷ്യാകപ്പ് ടൂർണമെന്റ് നടന്ന് 11 വർഷങ്ങൾക്കു ശേഷം 1995ൽ ആണു വീണ്ടും ഷാർജ ഏഷ്യാകപ്പിനു വേദിയാകുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഇന്ത്യ കപ്പുയർത്തി. യുഎഇ ക്രിക്കറ്റിന്റെ പിതാവും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സ്ഥാപകനുമായ അബ്ദുൽ റഹ്മാൻ ബുഖാതിർ ആണ് ആദ്യ കാലത്ത് ഏഷ്യാകപ്പ് ടൂർണമെന്റുകളുടെ വിജയത്തിനു ചുക്കാൻ പിടിച്ചത്.2022ൽ വീണ്ടും ഏഷ്യാകപ്പിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണെന്നു ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം സിഇഒ ഖലാഫ് ബുഖാതിർ പറഞ്ഞു. മത്സരത്തിനായി സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. ഇതിഹാസപരമായ ടൂർണമെന്റിനായി കാത്തിരിക്കുക– അദ്ദേഹം കൂട്ടിച്ചേർത്തു.ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണു ഏഷ്യാകപ്പ്.