മസ്കത്ത്: വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന നിരക്കുകള്‍ ഞായറാഴ്ച മുതല്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞമാസം അവസാനം വരെ അഞ്ചു റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഞായറാഴ്ച മുതല്‍ ഇത് പത്തു റിയാലായാണ് ഉയര്‍ത്തിയത്. വിദേശികളുടെ വിസ അടക്കമുള്ള വിവിധ സേവനങ്ങള്‍ക്ക് അതത് രാജ്യങ്ങളുടെ എംബസികള്‍ സാക്ഷ്യപ്പെടുത്തിയശേഷം ഒമാന്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ അതത് മന്ത്രാലയങ്ങള്‍ ഇവ സ്വീകരിക്കുകയുള്ളൂ. ഒമാന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിദേശകാര്യമന്ത്രാലയം അറ്റസ്റ്റ് ചെയ്ത ശേഷമാണ് വിദേശ എംബസികള്‍ക്ക് കൈമാറുക. നാട്ടില്‍ ബാങ്ക് വായ്പയും മറ്റും എടുക്കാന്‍ ഒമാന്‍ കമ്പനികളുടെ ശമ്പള സര്‍ട്ടിഫിക്കറ്റ് നാട്ടിലെ കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ഇത്തരം സര്‍ട്ടിഫിക്കറ്റുകളാണ് വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തേണ്ടത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ക്കും ചെലവേറും. ഒമാനില്‍ ജനിക്കുന്ന വിദേശികളുടെ മക്കള്‍ക്ക് ആരോഗ്യമന്ത്രാലയം നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തണം. ഇതിനും പത്തു റിയാല്‍ അറ്റസ്റ്റേഷന്‍ നിരക്കുകള്‍ നല്‍കേണ്ടിവരും. എന്നാല്‍, ചില സേവനങ്ങള്‍ക്ക് അറ്റസ്റ്റേഷന്‍ ബാധകമല്ലാത്തത് ഇന്ത്യക്കാര്‍ക്ക് അനുഗ്രഹമാണ്.
ഇന്ത്യയും ഒമാനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് എല്ലാ ഇന്ത്യന്‍ രേഖകള്‍ക്കും അപോസ്റ്റല്‍ അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാണ്. കുടുംബവിസക്കുള്ള ഇന്ത്യയില്‍നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ വിസ എടുക്കാനുള്ള ജനന സര്‍ട്ടിഫിക്കറ്റ്, ഇന്ത്യയില്‍നിന്നുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് ഇന്ത്യയില്‍നിന്ന് അപോസ്റ്റല്‍ അറ്റസ്റ്റേഷന്‍ ചെയ്യേണ്ടത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തേണ്ടതില്ല. ഇന്ത്യയില്‍ അപോസ്റ്റല്‍ അറ്റസ്റ്റേഷന്‍ നടത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ നേരെ അതത് മന്ത്രാലയങ്ങളില്‍ സ്വീകരിക്കുന്നതാണ്. വിസാ സേവനങ്ങള്‍ക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റുമായി നേരെ എമിഗ്രേഷനെ സമീപിക്കാവുന്നതാണ്. അതിനാല്‍, ഇന്ത്യക്കാരെ ഈ ഫീസ് വലിയ തോതില്‍ ബാധിക്കില്ല.