ദുബായിൽ വെള്ളക്കെട്ട് പരിഹരിക്കുവാൻ പുതിയ പദ്ധതിയുമായി അധികൃതർ

ദുബായ് : വെള്ളക്കെട്ടിന് പരിഹരിക്കുവാൻ പുതിയ സംവിധാനവുമായി അധികൃതർ . മഴവെള്ളം ഒഴുക്കിവിടാനുള്ള ശേഷി വർധിപ്പിക്കുന്നതിനും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിനുമുള്ള പദ്ധതിയ്ക്കായുള്ള പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത് . 3000 കോടി ദിര്‍ഹത്തിന്റെ (തസ്രീഫ് ) പദ്ധതിയുടെ പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത് . പുതിയ സംവിധാനത്തിൽ ഒഴുകിയെത്തുന്ന വെള്ളം നിമിഷം നേരം കൊണ്ട് പുറത്തേക്ക് ഒഴുക്കിവിടാന്‍ സാധിക്കും . കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ മഴയില്‍ ദുബായില്‍ വെള്ളപ്പൊക്കം അനുഭവപ്പെടുകയും കെട്ടിടങ്ങളില്‍ വെള്ളം കയറുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് സമഗ്ര ഡ്രെയിനേജ് പദ്ധതി ദുബായ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത് . 2033-ഓടെ പൂർത്തീകരിക്കാനൊരുങ്ങുന്ന തസ്രീഫ് പദ്ധതിയുടെ ആദ്യഘട്ടത്തിൻ്റെ പ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഡ്രെയിനേജ് കപ്പാസിറ്റി 700 ശതമാനം ഉയര്‍ത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രതിദിനം 20 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കും. ഗുരുത്വാകര്‍ഷണത്തിന്റെ ശക്തിയില്‍ ഒരു തുരങ്കത്തിലേക്കെന്ന പോലെ മഴ വെള്ളത്തെ വലിച്ചെടുത്ത് പുറത്തേക്കെത്തിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ ഡ്രൈയിനേജ് പ്രോജക്ടുകളുടെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. തമര്‍ അല്‍ ഹഫീസ് പറഞ്ഞു. ഈ തുരങ്കം മോട്ടോര്‍ പമ്പുകളില്ലാതെ ഉപരിതലത്തിലെ വെള്ളം വലിച്ചെടുത്ത് കളയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതിയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയിരുന്നു.