അബുദാബിയിലെ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി അധികൃതർ ചിലവഴിച്ചത് ഭീമമായ തുക

 

അബുദാബി : 2020 ജൂണിനും 2021 ജൂലൈ മാസത്തിനും ഇടയിലുണ്ടായ 22 തൊഴില്‍ തര്‍ക്കങ്ങളില്‍, 300.6 മില്യണ്‍ ദിര്‍ഹം(അറന്നൂർ കോടിയിലേറെ) മുടങ്ങിക്കിടന്ന വേദനാടിസ്ഥാനത്തില്‍ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. 18,670 തൊഴിലാളികള്‍ ഉള്‍പ്പെട്ട കേസില്‍ കൂട്ടായ തൊഴില്‍ തര്‍ക്കങ്ങള്‍ക്കായുള്ള സുപ്രീം ആര്‍ബിട്രേഷണല്‍ കമ്മറ്റി പുറപ്പെടുവിച്ച തീരുമാനങ്ങളെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പായത്. മാനവവിഭവശേഷി മന്ത്രി നസീര്‍ ബിന്‍ താനി ജുമാ അല്‍ ഹംലിയുടെ നേതൃത്വത്തിലുള്ള സുപ്രീം ആര്‍ബിട്രേഷണല്‍ കമ്മറ്റിയാണ് തൊഴില്‍ പ്രശ്‌നത്തില്‍ ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കിത്. തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണവും തൊഴില്‍ തര്‍ക്കങ്ങളുടെ പരിഹാരവും വേഗത്തിലാക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഫെഡറല്‍ നിയമം നടപ്പിലാക്കുന്നതിനാണ് സമിതി രൂപീകരിച്ചത്.
തര്‍ക്കങ്ങളില്‍ ഇരു പാര്‍ട്ടികളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളും ബിസിനസ്സ് ഉടമകളും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ നിയുക്ത കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചതായി MOHRA പറഞ്ഞു.
ഇരു പാര്‍ട്ടികളും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ ശമ്പളം യഥാസമയം നല്‍കണമെന്ന് മന്ത്രാലയം സ്വകാര്യ മേഖലയിലെ കമ്പനികളോട് ആവശ്യപ്പെട്ടു.’സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമപരമായ ബാധ്യതകള്‍ നിറവേറ്റുന്നത്, പ്രത്യേകിച്ച് വേതനവുമായി ബന്ധപ്പെട്ട ബാധ്യതകളാണെങ്കില്‍ അത് തൊഴില്‍ ബന്ധത്തിന്റെ സ്ഥിരത വര്‍ദ്ധിപ്പിക്കുകയും തൊഴിലാളിയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും, ഇത് തൊഴിലുടമകളുടെ താല്‍പ്പര്യങ്ങളില്‍ ക്രിയാത്മകമായി പ്രതിഫലിക്കുന്നു,” എന്നും മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറയുന്നു.