വ്യാജ സർട്ടിഫിക്കറ്റുകൾ തിരിച്ചറിയുവാൻ പുതിയ സംവിധാനവുമായി അധികൃതർ –

by:gpdesk.bh@gmail.com

മനാമ: ബഹ്‌റൈനിലും പുറത്തുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന
സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ബഹ്റൈനിൽ പുതിയ സംവിധാനം രൂപികരിച്ചു . പ്രധാനമായും ഈ സംവിധാനം ലക്ഷ്യം വെയ്ക്കുന്നത് വ്യാജ സർട്ടിഫിക്കറ്റുകൾ തടയുന്നതിനും സർക്കാർ, സ്വകാര്യ മേഖലകളിലെ റിക്രൂട്ട്മെന്‍റ് നടപടികൾ വേഗത്തിലാക്കുന്നതിനുമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾകാര്യ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് മുബാറക് ജുമ വ്യക്തമാക്കി .
സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല
രണ്ടു സ്വകാര്യ ഏജൻസികൾക്കാണ് നൽകിയിരിക്കുന്നത് . ബഹ്റൈൻ യൂണിവേഴ്സിറ്റിയിൽനിന്നും ബഹ്റൈൻ പോളിടെക്നിക്കിൽനിന്നും പാസായവരെ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ സംവിധാനം ഉടൻതന്നെ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം  അറിയിച്ചു .
പുതിയ സംവിധാനപ്രകാരം ബഹ്റൈനിലെ സ്വകാര്യ യൂണിവേഴ്സിറ്റികളിൽനിന്നുള്ള സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഇലക്ട്രോണിക് ലിങ്ക് വഴി ലഭ്യമാക്കുന്നതിന് മുമ്പ് അവർ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തും. പിന്നീട് കൗൺസിൽ ഈ രേഖകൾ പരിശോധിച്ച് ഏജൻസികൾക്ക് കൈയ്യ് മാറും സർട്ടിഫിക്കറ്റിലെ മാർക്കുകളും മറ്റു വിശദാംശങ്ങളും അവർ സൂക്ഷ്മപരിശോധന നടത്തിയശേഷമാണ് കൗൺസിൽ അംഗീകാരം നൽകുക .വിദേശ യൂണിവേഴ്സിറ്റികളിൽനിന്ന് ലഭിച്ച ബിരുദത്തിന് ബഹ്റൈനിൽ തുല്യത സർട്ടിഫിക്കറ്റ് നേടണമെന്ന നിയമം ഒഴിവാക്കിയതായും ഡോ. ജുമാ അറിയിച്ചു.