
മനാമ : ബഹ്‌റിനിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ഓട്ടം ഫെയർ ജനുവരി 22 മുതൽ 31 വരെ സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക, അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. ഉപഭോക്താക്കൾക്കായി 10,000-ത്തിലധികം ഉൽപ്പന്നങ്ങളാണ് ഒരുക്കുക. മേളയിൽ 24-ത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 600-ത്തിലധികം പ്രദർശകർ പങ്കെടുക്കും. 2 ലക്ഷത്തിലധികം സന്ദർശകർ മേള സന്ദർശിക്കുമെന്നാണ് പ്രതീക്ഷ.ഈ വർഷത്തെ ഓട്ടം ഫെയറിൽ പുതിയ പവലിയനുകൾ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഇറക്കുമതി ഉൽപ്പന്നങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കളുടെയും ഭക്ഷണവിഭവങ്ങളുടെയും പ്രദർശനങ്ങൾ, കുടുംബ സൗഹൃദ വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സിബിഷൻ വേൾഡ് ബഹ്‌റൈന്റെ 2, 3, 5, 6 ഹാളുകളിൽ ദിവസേന രാവിലെ 10 മുതൽ രാത്രി 10 വരെ ആയിരിക്കും ഫെയർ നടക്കുക. പ്രവേശനം സൗജന്യമാണ്. എന്നാൽ ഔദ്യോഗിക വെബ്സൈറ്റിലൂടെ മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.








