ബഹ്‌റൈൻ: ബഹറൈൻ കേന്ദ്രീകരിച്ചു ഗൾഫിൽ മുഴുവൽ വ്യാപിച്ചു കിടക്കുന്ന ചുവപ്പിന്റെ കൂട്ടുകാർ എന്ന കൂട്ടായ്മയും തൃശൂർ ചെറുതുരുത്തിയിലെ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന സ: ബി.പി മണിയുടെ സ്മരണാർത്ഥം സ്ഥാപിച്ച ബി.പി.മണി മെമ്മോറിയൽ പ്രവാസി ടസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാന്തന സ്പർശം എന്ന പരിപാടി നാളെ (ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് ചെറുതുരൂത്തിയിലെ സുലൈമാൻ നഗറിൽ നടക്കും. യു.ആർ.പ്രദീപ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പരിപാടി തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും.
ജീവകാരുണ്യ രംഗത്ത് കേരളത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് സലീം കിഴിശ്ശേരിയെയും വിദേശത്ത് നടത്തി കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഒമാനിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകനായ ജാബിർ മാളിയക്കലിനെയും ചടങ്ങിൽ വെച്ചു ആദരിക്കും. സി.പി.ഐ (എം) തൃശൂർ ജില്ലാ സെക്രട്ടറിയും മുൻ നിയമസഭാ സ്പീക്കറുമായ കെ.രാധാകൃഷ്ണൻ ഇവർക്ക് പുരസ്കാരങ്ങൾ സമർപ്പിക്കും. ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടക സമിതിക്ക് വേണ്ടി ഷിബു ചെറുതുരുത്തി അറിയിച്ചു.
പ്രവാസത്തിന്റെ ചൂടില്‍ ഉരുകുന്നവര്‍ക്ക് ആശ്വാസത്തിന്റെ കുളിരേകിയുള്ള ജാബിറിന്റെ സേവനപ്രവര്‍ത്തനത്തിന് പ്രായം മൂന്നു പതിറ്റാണ്ട്. ഒമാന്‍ കേന്ദ്രമാക്കിയുള്ള ജാബിറിന്റെ പോരാട്ടം തുടങ്ങിയത് 1982-ല്‍. ജാബിര്‍ വിരിച്ച തണല്‍ വിവിധരാജ്യങ്ങളിലെ ആയിരങ്ങള്‍ക്ക് ഇതോടകം ആശ്വാസമേകി.
വിവിധ പ്രവാസി സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിരുന്ന ജാബിര്‍ നിലവില്‍ ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയാണ്. കേരള പ്രവാസി ക്ഷേമനിധിയുടെ സ്ഥാപക ഡയറക്ടർ ബോർഡിൽ അംഗമായിരുന്ന ജാബിർ ഇപ്പോൾ കേരള പ്ലാനിംഗ് ബോർഡ് വർക്കിങ്ങ് ഗ്രൂപ്പ് അംഗവുമാണ്.
പ്രവാസലോകത്തിന് നല്‍കിയ കിടയറ്റ പ്രവര്‍ത്തനത്തിന് നിരവധി അംഗീകാരങ്ങൾ ഇതിനകം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2006-ലെ കൈരളി ചാനല്‍ അവാര്‍ഡ്, 2007-ലെ പ്രിയദര്‍ശിനി സെന്റര്‍ അവാര്‍ഡ്, 2011-ല്‍ ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ ഷിഫ അല്‍ ജസീറ അവാര്‍ഡ്, 2013-ല്‍ മീഡിയ വണ്ണിന്റെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള അവാര്‍ഡ്, കുവൈത്ത് കേന്ദ്രമായുള്ള കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്റെ 2014-ലെ പ്രവാസി അവാര്‍ഡ് എന്നിവ ഇതില്‍ ചിലതാണ്. Times Now/ICICIയുടെ 2016ലെ NRI of the year ജാബിറായിരുന്നു. വിദേശത്ത് സന്നദ്ധസേവനം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമായാണ് ഇത് കണക്കാക്കപ്പെടുന്നത്.