ബി.കെ.എസ്. നവരാത്രി ആഘോഷം ‘ഉപാസന’

ബഹ്‌റൈൻ : കേരളീയ സമാജം 9 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ ‘ഉപാസന’ സംഘടിപ്പിക്കുന്നു. ഇന്ത്യൻ ക്ലാസിക്കൽ നൃത്ത-സംഗീത പരിപാടികൾ മാത്രം ഉൾപ്പെടുത്തിയാകും  നവരാത്രി ആഘോഷം നടത്തുക എന്ന് സമാജം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ഒക്ടോബർ 7 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ, ബഹ്‌റൈൻ കേരളീയ സമാജത്തിൻറെ സ്റ്റേജിൽ ആയിരിക്കും നവരാത്രി ആഘോഷ പരിപാടികൾ അവതരിപ്പിക്കുക. BKS ഫേസ്ബുക് പേജിൽ പരിപാടികൾ ഓൺലൈൻ ആയി വീക്ഷിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.

ശാസ്ത്രീയ കലകൾ പ്രോത്സാഹിപ്പിക്കാനും, അവ ആസ്വദിക്കാനുള്ള അവസരം ഒരുക്കാനുമാണ് നവരാത്രി നാളുകളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രെസിഡെന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. നിരന്തരമായി അഭ്യസിക്കുന്നുണ്ടെങ്കിലും, അവ ഏറെ നാളുകളായി കാണികൾക്കു മുൻപിൽ നേരിട്ട് അവതരിപ്പിക്കാൻ കഴിയാതിരുന്ന, ശാസ്ത്രീയ കലാകാരന്മാർക്കും അദ്ധ്യാപകർക്കും ‘ഉപാസന’ ഒരു അവസരമാകുന്നതോടൊപ്പം, കൊറോണ കാരണം  മന്ദീഭവിച്ചിരുന്ന സമാജത്തിൻറെ അരങ്ങുണർത്തുന്ന പരിപാടികളാകും ഇതെന്നും അവർ കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്ക് സമാജം കലാവിഭാഗം കൺവീനർ ദേവൻ പാലോട് (39441016), നാദബ്രഹ്മം മ്യൂസിക് ക്ലബ് കൺവീനർ ശ്രീജിത്ത് ഫെറോക് (39542099) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.