ഫിലിപ്പൈന്‍സ് : ദുബായില്‍ നിന്നും ഫിലിപ്പീന്‍സിലേക്കുള്ള സെബു പസിഫിക്ക് എയര്‍ ഫ്ളൈറ്റില്‍ യുവതി പെൺ കുഞ്ഞിന് ജന്മം നല്കി. വിമാനം 30,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ ആകാശത്ത് വച്ച് ഫിലിപ്പിനോ യുവതിക്ക് പ്രസവവേദയുണ്ടായതിനെ തുടര്‍ന്ന് വിമാനത്തില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുകയായിരുന്നു. പ്രസവം എടുക്കാന്‍ യാത്രക്കാര്‍ സന്നദ്ധരായി മുന്നോട്ട് വരുകയും ചെയ്തു.
വിമാനത്തില്‍ ജനിച്ച കുഞ്ഞിന് വിമാനക്കമ്പനി ആജീവനാന്ത കാലം സൗജന്യയാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്.
കുഞ്ഞിന് സമ്മാനമായി ഇന്ത്യന്‍ പൗരത്വവും ലഭിച്ചിട്ടുണ്ട്. ഒമ്പത് മണിക്കൂര്‍ യാത്രാ സമയമെടുക്കുന്ന ഈ റൂട്ടില്‍ വിമാനം വെറും അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു സ്ത്രീക്ക് പ്രസവവേദനയുണ്ടായത്.
തുടര്‍ന്ന് ഫ്ളൈറ്റ് അറ്റന്‍ഡര്‍മാര്‍ സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് നഴ്സുമാര്‍ സഹായിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുകയായിരുന്നു. മറ്റ് യാത്രക്കാരും സ്ത്രീയുടെ സഹായത്തിനെത്തിയിരുന്നു. ചിലര്‍ തങ്ങളുടെ കൈയിലുള്ള കുട്ടികളുടെ വസ്ത്രം നല്കി സഹായിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മിനറല്‍ വാട്ടറില്‍ കുളിപ്പിച്ച് കുട്ടിയെ ഈ വസ്ത്രം ധരിപ്പിക്കുകയുംചെയ്തു. തുടര്‍ന്ന് വിമാനം അടിയന്തിരമായി ഇന്ത്യയില്‍ ഇറക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന് അടിയന്തിര പരിചരണം നല്‍കുന്നതിന് വേണ്ടിയായിരുന്നു.
പ്രതീക്ഷിച്ചതിലും രണ്ട് മാസം മുമ്പേയായിരുന്നു സ്ത്രീ പ്രസവിച്ചതെന്നതിനാല്‍ കുട്ടിക്ക് പ്രത്യേക പരിചരണം ആവശ്യമായിരുന്നു.കുട്ടി ആദ്യമായി നിലംതൊട്ട രാജ്യം ഇന്ത്യയായതിനാലാണ് സമ്മാനമായി ഇന്ത്യന്‍ പൗരത്വം നല്‍കുന്നത്. ഇതിനൊപ്പം ഫിലിപ്പീന്‍സ് പാസ്പോര്‍ട്ടുമുണ്ടാകും.