ദുബായ് : 26 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്ന തൃശൂർ കേച്ചേരി വെട്ടുകാട് സാദേശി അബ്ദുൽ മജീദിന് വെട്ടുകാട് ഹിദായത്തുൽ ഇസ്‍ലാം മദ്രസ യുഎഇ കമ്മിറ്റിയും വെട്ടുകാട് ജമാഅത്ത് യുഎഇ കമ്മിറ്റിയും യാത്രയയപ്പ് നൽകി. മദ്രസ്സ കമ്മിറ്റി പ്രസിഡന്റ് ആർ. എ. മുസ്തഫ, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സലീം ആളൂർ എന്നിവർ ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. പ്രവാസ ജീവിതത്തിന്റെ ആദ്യ മൂന്നു വർഷം സൗദി അറേബ്യയിലെ റിയാദിലും പിന്നീട് 23 വർഷം ഷാർജ ഗ്രാൻഡ് ഹോട്ടലിൽ എന്‍ജിനീയറിങ് വിഭാഗത്തിലും ജോലി ചെയ്തു വരികയായിരുന്നു.
നാട്ടിലെ വിവിധ വികസന പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. മദ്രസ കമ്മിറ്റി ജന: സെക്രട്ടറിയായും മഹല്ല് കമ്മിറ്റിയുടെ സഹ ഭാരവാഹിയായും സേവനമനുഷ്ഛിച്ചു. ഇപ്പോൾ ബിസിനസ് ഗ്രൂപ്പായ സഹോദര സംഗമത്തിന്റെ ജന: സെക്രട്ടറി കൂടിയാണ്. അമ്പലത്ത് വീട്ടിൽ അഹമ്മദുണ്ണിയുടേയും ഖദീജയുടേയും മകനാണ്. ഭാര്യ റെജില. മക്കൾ വിദ്യാർഥികളായ മുഹമ്മദ് ബിലാൽ, അഹമ്മദ് ബാസിൽ. സഹോദരങ്ങളായ അബ്ദുൾ കരീം ഖത്തറിലും അക്ബർ സ്വദേശത്തും ജോലി ചെയ്യുന്നു. മറ്റൊരു സഹോദരൻ മുഹമ്മദ് ഒരു വർഷം മുമ്പ് മരണപ്പെട്ടു. നഫീസ, ഐഷ എന്നീ രണ്ട് സഹോദരിമാരുമുണ്ട്.
യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് ആർ.എ. മുസ്തഫ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മുഹമ്മദ് വെട്ടുകാട് ഉദ്ഘാടനം ചെയ്തു. യുഎഇ മഹല്ല് കമ്മിറ്റി പ്രസിഡന്റ് സലീം ആളൂർ, ജന: സെക്രട്ടറി ആർ.എ. താജുദ്ദീൻ ഭാരവാഹികളായ എ.എ. ഷംസുദ്ദീൻ, ആർ.എ.ഉസ്മാൻ, എ.എം. ഉമ്മർ, എ.എം.സലിം, ആർ.എം. അലി, മുജീബ് എം.കെ.റസാഖ് എന്നിവർ പ്രസംഗിച്ചു.